Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടാനുള്ള ഇസ്രയേല്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം

ഖുദ്‌സ്: അല്‍ജസീറ നെറ്റ്‌വര്‍ക് ഓഫീസുകള്‍ അടച്ചുപൂട്ടാനും അതിലെ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുമുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. പ്രദേശത്തെ ഏക ജനാധിപത്യ രാഷ്ട്രമെന്ന മുഖംമൂടിക്ക് പിന്നില്‍ ഇസ്രയേല്‍ മറഞ്ഞിരിക്കുന്നിടത്തോളം അല്‍ജസീറ നെറ്റ്‌വര്‍ക് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള അധിനിവേശ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ അത്ഭുതമില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. അധിനിവേശകരുടെ കുറ്റകൃത്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലൂടെ അവരുടെ മുഖംമൂടി പിച്ചിചീന്തപ്പെടുകയാണെന്നും സംഘടനയുടെ പ്രസ്താവന വ്യക്തമാക്കി. അല്‍ജസീറ അടച്ചുപൂട്ടണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ച ചില അറബ് രാഷ്ട്രങ്ങളുമായി ഇസ്രയേലിനുള്ള ബന്ധത്തിന്റെ ആഴത്തെയും ഇത് വ്യക്തമാക്കുന്നു എന്നും പ്രസ്താവന സൂചിപ്പിച്ചു.
അല്‍ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ ഹമാസ് ശക്തമായി അപലപിച്ചു. ഫലസ്തീനികളുടെ ദുരിതം മികവാര്‍ന്ന രീതിയില്‍ റിപോര്‍ട്ട് ചെയ്യുന്നതിലും ഗസ്സ യുദ്ധവേളയില്‍ ഇസ്രയേല്‍ നടത്തിയ കുറ്റകൃത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരുന്നതിലും മസ്ജിദുല്‍ അഖ്‌സയില്‍ ഈയടുത്തുണ്ടായ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിലും അല്‍ജസീറ ചാനല്‍ വഹിച്ച സുപ്രധാനമായ പങ്കാണ് ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. ഫലസ്തീനിലെ അല്‍ജിഹാദുല്‍ ഇസ്‌ലാമിയും തീരുമാനത്തെ ശക്തമായി അപലപിച്ചു.

നിയമപരമായ നടപടികള്‍ സ്വീകരിക്കും: അല്‍ജസീറ
ചാനല്‍ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള ഇസ്രയേല്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് അല്‍ജസീറ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കി. അല്‍ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടാനും അതിലെ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ വാര്‍ത്താകാര്യ മന്ത്രി അയ്യൂബ് കാറ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അല്‍ജസീറയുടെ ഈ പ്രതികരണം. അല്‍ജസീറ മാധ്യമധര്‍മം നിര്‍വഹിക്കുകയല്ല, ഭീകരതക്ക് പ്രോത്സാഹനം നല്‍കുകയാണെന്ന് ഞായറാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ കാറ ആരോപിച്ചു.

Related Articles