Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ അടച്ചുപൂട്ടാനുള്ള തീരുമാനം ഗുണത്തേക്കാളേറെ ദോഷം: ഇസ്രയേല്‍ ജനറല്‍

തെല്‍അവീവ്: ഇസ്രയേലിലെ അല്‍ജസീറ ചാനല്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിലെ യുക്തി തനിക്ക് മനസ്സിലാവുന്നില്ലെന്ന് ‘ഇസ്രയേല്‍ ഡിഫന്‍സ്’ മാസിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മുന്‍ ഇസ്രയേല്‍ ജനറല്‍  ഹനാന്‍ ഗഫിന്‍. ഗുണത്തേക്കാള്‍ കൂടുതല്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുന്ന മസ്ജിദുല്‍ അഖ്‌സ കവാടങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിച്ചതിന് സമാനമായ തീരുമാനമാണതെന്നും നേരത്തെ ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെയും വാര്‍ത്താകാര്യ മന്ത്രി അയ്യൂബ് കാറയുടെയും തിരക്കുപിടിച്ച ഓട്ടം ഏകോപനമോ മുന്നൊരുക്കമോ ഇല്ലാതെയായിരുന്നു. പോലീസ്, പൊതുസുരക്ഷാ വിഭാഗം (ഷാബാക്), ഔദ്യോഗിക മാധ്യമ ഓഫീസ് പോലുള്ള ഇസ്രയേലിനകത്തുള്ള പല സംവിധാനങ്ങളെയും അത് ഞെട്ടിച്ചിരിക്കുകയാണ്. പ്രസ്തുത തീരുമാനത്തിന് പിന്നിലെ യുക്തി മനസ്സിലാവാന്‍ വലിയ പ്രയാസമാണ് അവ നേരിടുന്നത്. ഫലസ്തീനിന്റെയും ഇസ്രയേലിന്റെയും മണ്ണില്‍ കൂടുതല്‍ തീവ്രസ്വഭാവമുള്ളതും പൊതുജനസ്വാധീനമുള്ളതുമായ അറബ് വാര്‍ത്താ മാധ്യമങ്ങളുണ്ട്. അതുകൊണ്ട് തന്നെ അല്‍ജസീറ അടച്ചുപൂട്ടുന്നത് ഇസ്രയേലിനെ കൂടുതല്‍ ദോഷകരമായി ബാധിക്കും. ഈ നീക്കത്തിലൂടെയുള്ള നേട്ടത്തേക്കാള്‍ വലിയ കോട്ടമാണ് അതുണ്ടാക്കുക. ഇലക്ട്രോണിക് ഗേറ്റുകള്‍ നീക്കം ചെയ്യുന്നതില്‍ വിജയിച്ച ഫലസ്തീനികള്‍ അല്‍ജസീറക്ക് വേണ്ടി ഇസ്രയേലുമായി പുതിയൊരു പോരാട്ടത്തിന് തുടക്കം കുറിക്കും. അല്‍ജസീറയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം എന്നതായിരിക്കും ആ പോരാട്ടത്തിന്റെ തലക്കെട്ട്. എന്നും ജനറല്‍ ഗെഫിന്‍ കൂട്ടിചേര്‍ത്തു.
അതേസമയം നെതന്യാഹുവുമായി അടുത്ത ബന്ധമുള്ള ‘ഇസ്രയേല്‍ ടുഡേ’ പത്രത്തിന്റെ ലേഖകന്‍ ഏരിയല്‍ പോള്‍സ്‌റ്റെയിന്‍ അല്‍ജസീറയെ ശക്തമായ സമരായുധമായിട്ടാണ്. പടക്കപ്പലുകളേക്കാളും ടാങ്കുകളേക്കാളും ശക്തമായ ആയുധമായി മാധ്യമങ്ങള്‍ മാറുന്ന ഘട്ടത്തിലെ ശക്തമായ ആയുധമാണ് അല്‍ജസീറയെന്നും അതുകൊണ്ടു തന്നെ ജൂതരാഷ്ട്രത്തിന്റെ കഥകഴിക്കാന്‍ ശ്രമിക്കുന്ന ചാനലിന്റെ പ്രവര്‍ത്തനം അംഗീകരിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Related Articles