Current Date

Search
Close this search box.
Search
Close this search box.

അല്‍അവാമിയയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ അറിഞ്ഞിട്ടുണ്ട്: ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ഖതീഫിലെ അല്‍അവാമിയ ഗ്രാമത്തില്‍ നിന്നുള്ള മാധ്യമ റിപോര്‍ട്ടുകളെയും ചിത്രങ്ങളെയും സംബന്ധിച്ച് ധാരണയുണ്ടെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. ശിയാ ഭൂരിപക്ഷ പ്രദേശമായ അല്‍അവാമിയയില്‍ സുരക്ഷാ സേനയും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നിരവിധി വീടുകള്‍ തകര്‍ക്കപ്പെടുകയും ആയിരക്കണക്കിന് താമസക്കാര്‍ ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നതായി വാര്‍ത്താ മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രസ്തുത ചിത്രങ്ങളും റിപോര്‍ട്ടുകളും വെച്ചുകൊണ്ട് സ്വതന്ത്രമായ അന്വേഷണം പ്രയാസകരമാണെന്ന് ദുജാരിക് പറഞ്ഞു. എന്നാല്‍ അതേസമയം അല്‍അവാമിയയില്‍ സ്വീകരിക്കുന്ന നടപടികളില്‍ അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കാന്‍ സൗദി ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
പ്രദേശം ഒരു യുദ്ധക്കളത്തിന് സമാനമായ അവസ്ഥയിലാണെന്നാണ് റോയിട്ടേഴ്‌സ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. വെടിയുണ്ടയുടെ പാടുകളോടെ മസ്ജിദിന്റെയും നിരവധി വീടുകളുടെയും അവശിഷ്ടങ്ങള്‍ അവിടെ നിന്നുള്ള ചിത്രങ്ങളില്‍ കാണുന്നുണ്ട്. അതോടൊപ്പം സൈനിക ഉപകരണങ്ങളും പോലീസുകാരും ചിത്രങ്ങളില്‍ ദൃശ്യമാവുന്നുണ്ട്. അവിടത്തെ നാശനഷ്ടങ്ങളെ കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നും ഭരണകൂടം പുറത്തുവിട്ടിട്ടില്ലെന്നും എന്നാല്‍ പോലീസിലെ ദ്രുതകര്‍മ സേനാ അംഗങ്ങളായ എട്ടുപേരും സൗദി സ്‌പെഷ്യല്‍ ഫോഴ്‌സിലെ നാല് പേരും അവിടത്തെ നടപടികള്‍ ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രതിനിധി പറഞ്ഞതായും റിപോര്‍ട്ട് സൂചിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ സംഭവങ്ങളില്‍ മാത്രം ഒമ്പത് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിനായിരത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിതമായ സമീപ പ്രദേശങ്ങളില്‍ അഭയം തേടിയിട്ടുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Related Articles