Current Date

Search
Close this search box.
Search
Close this search box.

അല്‍അഖ്‌സയോട് ചേര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജോര്‍ദാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു

അമ്മാന്‍: അധിനിവിഷ്ട ഖുദ്‌സ് നഗരത്തിലെ മസ്ജിദുല്‍ അഖ്‌സയുടെ തെക്കുഭാഗത്തെ മതിലിനോട് ചേര്‍ന്നു കിടക്കുന്ന ‘ഉമയ്യ പാലസുകളു’ടെ സമീപത്തെ ഇസ്രയേല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ജോര്‍ദാന്‍ ഭരണകൂടം ഇസ്രയേലിന് കത്തയച്ചു. വിശുദ്ധ മസ്ജിദുല്‍ അഖ്‌സയുടെ സമീപത്തെ ഇസ്രയേല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ച ജോര്‍ദാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക മാധ്യമ വക്താവ് മുഹമ്മദ് മൂമ്‌നി ഉടന്‍ ആ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ഉറപ്പു നല്‍കിയിട്ടുള്ള വ്യവസ്ഥകളുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ സമാധാന ഉടമ്പടികളുടെയും പച്ചയായ ലംഘനമാണെന്നും മൂമ്‌നി വ്യക്തമാക്കി. ഈ കയ്യേറ്റങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുകയും പ്രദേശത്ത് നടത്തിയ മാറ്റങ്ങള്‍ ഒഴിവാക്കി പഴയ അവസ്ഥയിലേക്ക് തന്നെ മടക്കികൊണ്ടുവരണമെന്നും ഇസ്രയേല്‍ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ജോര്‍ദാന്റെ കത്തിനോട് പ്രതികരിക്കുന്നതിന് അതിന്റെ ഉള്ളടക്കത്തെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രയേല്‍ പബ്ലിക് റേഡിയോ വ്യക്തമാക്കി.
ജറൂസലേം-5800 പ്രൊജക്ടിന്റെയും ഇസ്രയേല്‍ പുരാവസ്തു വിഭാഗത്തിന്റെയും സഹകരണത്തോടെ പടിഞ്ഞാറന്‍ ഖുദ്‌സ് നഗരസഭ ഫെബ്രുവരി 9ന് പുതിയൊരു പൈതൃക സ്ഥലം അവതരിപ്പിച്ചിരുന്നു. ജൂതവിശ്വാസികള്‍ അംഗശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്ന കുളമായിരുന്നു അതെന്നാണ് അവര്‍ വാദിക്കുന്നത്. ഇസ്രയേല്‍ 2050ഓടെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന ഒരു പദ്ധതിയാണ് ‘ജറൂസലേം 5800’. ടൂറിസത്തെ പ്രോത്സാഹിപ്പിക്കലും ഓരോ വര്‍ഷവും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കലുമാണ് അത് ലക്ഷ്യം വെക്കുന്നത്. അതേസമയം നഗരത്തെ ജൂതവല്‍കരിക്കലും അവിടത്തെ ഇസ്രയേല്‍ ആധിപത്യം ശക്തിപ്പെടുത്തലും ലക്ഷ്യം വെക്കുന്ന പദ്ധതിയായിട്ടാണ് ഫലസ്തീനികള്‍ അതിനെ കാണുന്നത്.

Related Articles