Current Date

Search
Close this search box.
Search
Close this search box.

അല്‍അഖ്‌സയിലെ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയത് റാഇദ് സലാഹ് ആണെന്ന് ഇസ്രയേല്‍

തെല്‍അവീവ്: അധിനിവിഷ്ട ഫലസ്തീനില്‍ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം ഗ്രീന്‍ലൈനിനകത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹിന് മേല്‍ കെട്ടിവെച്ച് ഇസ്രയേല്‍ മന്ത്രിമാര്‍. ‘അല്‍അഖ്‌സ ഇന്‍തിഫാദ’ക്ക് തിരികൊളുത്തിയത് അദ്ദേഹമാണെന്നും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലാക്കണമെന്നും ലബനാനിലേക്കോ ഗസ്സയിലേക്കോ നാടുകടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കി മസ്ജിദുല്‍ അഖ്‌സയുടെ ഗേറ്റുകളില്‍ ഇസ്രയേല്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ഗേറ്റുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇസ്രയേല്‍ ഭരണകൂടത്തില്‍ ഉടലെടുത്ത ആഭ്യന്തര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ശൈഖ് സലാഹിനെതിരെ ഈ ആരോപണം ഉയര്‍ത്തുന്നത്.
‘അല്‍അഖ്‌സ അപടത്തില്‍’ എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കി പ്രകോപനം സൃഷ്ടിച്ച ശൈഖ് സലാഹിനെ നാടുകടത്തുകയോ അഡ്മിനിസ്‌ട്രേറ്റീവ് തടവിലാക്കുകയോ ചെയ്യുന്നത് സംബന്ധിച്ച ആലോചനകള്‍ ഈ ആഴ്ച്ചയിലെ മന്ത്രിസഭാ യോഗങ്ങളില്‍ പരിഗണിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ സൂചിപ്പിച്ചു.
അതേസമയം ശൈഖ് സലാഹ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം നിഷേധിച്ചു. ഇസ്രയേല്‍ ഭരണകൂടം അകപ്പെട്ടിരിക്കുന്ന ആഭ്യന്തര പ്രതിസന്ധിയുടെ ആഴമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അത് ഫലസ്തീനിലേക്കും ഫലസ്തീന്‍ നേതാക്കളിലേക്കും കെട്ടിവെക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം മറുപടി നല്‍കി. ഖുദ്‌സിനും അഖ്‌സക്കും വേണ്ടി തന്റെ നിലപാടുകളില്‍ സ്ഥൈര്യത്തോടെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രജൂത സംഘങ്ങള്‍ തന്നെ കൊലപ്പെടുത്താനും ആക്രമണം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മുല്‍ ഫഹ്മ് നഗരത്തില്‍ നുഴഞ്ഞുകയറി തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും വീടിന്റെ ഫോട്ടോ പകര്‍ത്തുകയും ചെയ്ത കുടിയേറ്റക്കാരുടെ സംഘത്തെ പിടികൂടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജൂതവിഭാഗങ്ങളില്‍ നിന്നും തനിക്കെതിരെയുണ്ടാവുന്ന കയ്യേറ്റങ്ങളുടെയും ഭീഷണികളുടെയും ഉത്തരവാദിത്വം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
2007 മുതല്‍ ശൈഖ് സലാഹിന് ഖുദ്‌സില്‍ പ്രവേശിക്കുന്നതിന് ഇസ്രയേല്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 2013 മുതല്‍ രാജ്യം വിട്ടുപോകുന്നതിനും അദ്ദേഹത്തിന് മേല്‍ വിലക്കുണ്ട്. ഇക്കാലത്തിനിടയില്‍ നിരവധി തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്.

Related Articles