Current Date

Search
Close this search box.
Search
Close this search box.

അലപ്പോ; വെടിനിര്‍ത്തല്‍ പ്രമേയത്തിന്മേല്‍ ഇന്ന് യു.എന്നില്‍ വോട്ടെടുപ്പ്

ന്യൂയോര്‍ക്ക്: അലപ്പോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും, മേഖലയിലെ സംഘട്ടനത്തിനിടയില്‍ കുടുങ്ങി കിടക്കുന്ന സിവിലിയന്‍മാര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് അടിയന്തരിമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ന്യൂസിലാന്റ്, ഈജിപ്ത്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്താനും വേണ്ടി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഇന്ന് വൈകുന്നേരം യോഗം ചേരും.
അലപ്പോയിലേക്ക് ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ഏഴ് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് പ്രമേയത്തിലെ മുഖ്യ ആവശ്യം. ശേഷം ഏഴ് ദിവസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ സമയപരിധി നീട്ടുന്നതിനെ കുറിച്ച് സമിതി ആലോചിക്കണമെന്നും, സഹായങ്ങള്‍ എത്തിക്കുന്നതിന് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും സഹകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം പ്രമേയത്തില്‍ ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ക്കെതിരെ റഷ്യ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അലപ്പോയിലെ വിമത ശക്തികേന്ദ്രങ്ങളിലേക്ക് അസദിന്റെ സൈന്യം മുന്നേറി കൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ 60 ശതമാനം ഭാഗങ്ങള്‍ ഇപ്പോള്‍ സിറിയന്‍ സൈന്യത്തിന്റെ അധികാരത്തിലായി കഴിഞ്ഞു. നവംബര്‍ 15-ന് മുതല്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം കിഴക്കന്‍ അലപ്പോയില്‍ നടത്തി കൊണ്ടിരുന്ന ആക്രമണത്തില്‍ ഇതുവരെയായി 311 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. അതില്‍ 42 പേര്‍ കുട്ടികളാണ്. അതേസമയം വിമതസൈന്യത്തിന്റെ തിരിച്ചടിയില്‍ 72 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles