Current Date

Search
Close this search box.
Search
Close this search box.

അലപ്പോ; മുസ്‌ലിം ലോകത്തിന്റെ സമീപനത്തിനെതിരെ ഖറദാവി

ദോഹ: സിറിയയിലെ അലപ്പോ നഗരത്തിന് നേരെ റഷ്യയും സിറിയന്‍ ഭരണകൂടവും നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. അവിടത്തെ ജനതയുടെ രക്ഷക്കായി മുസ്‌ലിം സമുദായം രംഗത്ത് വരാത്തതില്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമുള്ള പോസ്റ്റുകളില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി.
നാം അശക്തരായിരിക്കെ അലപ്പോയുടെ ഞരമ്പുകള്‍ ഒന്നൊന്നായി എവിടെ വരെ അറുക്കപ്പെടും? കാതുകള്‍ക്ക് ബധിരത ബാധിച്ചിരിക്കുകയാണോ? അതോ കണ്ണുകല്‍ക്ക് അന്ധത ബാധിച്ചിരിക്കുകയോ? മനസാക്ഷികള്‍ മരിച്ചിരിക്കുകയാണോ? (അലപ്പോ നിവാസികളേ, നിങ്ങള്‍ക്ക് അല്ലാഹുവുണ്ട്) അലപ്പോയില്‍ ഇത് സംഭവിക്കുമ്പോള്‍ എവിടെ പോയിരിക്കുകയാണ് മുസ്‌ലിം സമുദായവും അതിലെ ഭരണാധികാരികളും പണ്ഡിതന്‍മാരും ചിന്തകരും സൈന്യങ്ങളുമെല്ലാം? തങ്ങളുടെ സഹോദരങ്ങളുടെ രക്ഷക്കായി എപ്പോഴാണ് അവരെത്തുക? എന്ന് അദ്ദേഹം ചോദിച്ചു.
അലപ്പോയിലെയും സഹോദര നഗരങ്ങളിലെയും മുസ്‌ലിംകളുടെ രക്തത്തെ കുറിച്ച് അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്നും അതിനായി ഒരുങ്ങാനും അധികാര പദവികളില്‍ ഇരിക്കുന്നവര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘അന്ന് നിങ്ങള്‍ കൂടുതല്‍ ആളുകളുണ്ടാവും. എന്നാല്‍ നിങ്ങള്‍ ഒഴുക്കു വെള്ളത്തിലെ ചപ്പു ചവറുകളെ പോലെയിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ മനസ്സുകളില്‍ നിന്നും നിങ്ങളെ കുറിച്ചുള്ള ഭയം അല്ലാഹു നീക്കം ചെയ്യും. നിങ്ങളുടെ മനസ്സുകളില്‍ അല്ലാഹു ‘വഹ്‌ന്’ (ദൗര്‍ബല്യം) ഇട്ടു തരുകയും ചെയ്യും.’ എന്ന പ്രവാചക വചനം ഉദ്ധരിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Articles