Current Date

Search
Close this search box.
Search
Close this search box.

അലപ്പോയില്‍ സഹായ സംഘത്തെ ആക്രമിച്ചതിന്റെ ഉത്തരവാദിത്വം റഷ്യക്ക്: വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: സിറിയയിലെ അലപ്പോയിലേക്ക് സഹായവുമായി പുറപ്പെട്ട വാഹനത്തിന് നേരെയുണ്ടായ ആക്രമണം റഷ്യയുടെയോ സിറിയയുടെയോ ഭാഗത്തു നിന്നാണെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. എന്നാല്‍ ആരോപണത്തെ മോസ്‌കോ നിഷേധിച്ചിട്ടുണ്ട്. സഹായ സംഘം ആക്രമണത്തിന് വിധേയമാക്കപ്പെട്ടിട്ടില്ലെന്നും സ്വയം അഗ്നിബാധക്ക് വിധേയമാക്കപ്പെടുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.
സിറിയയില്‍ സഹായ സംഘത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യക്കാണെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു. ‘വന്‍ മാനുഷിക ദുരന്തം’ എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. വെടിനിര്‍ത്തല്‍ തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിനോടുള്ള റഷ്യയുടെ സമീപനത്തില്‍ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിറിയയില്‍ ഉപരോധിക്കപ്പെട്ടിരിക്കുന്ന അലപ്പോ നഗരത്തിലേക്കുള്ള സഹായ സംഘത്തിന്റെ യാത്രക്കിടെ റഷ്യയുടെ രണ്ട് സുഖോയ്-24 വിമാനങ്ങള്‍ അതിനെ വട്ടമിട്ട് പറന്നതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യക്ക് മേല്‍ ചുമത്താന്‍ തക്ക വിവരങ്ങളാണ് അമേരിക്കന്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ റഷ്യയും സിറിയയുമാണെന്നാണ് സിറിയന്‍ പ്രതിപക്ഷ കോര്‍ഡിനേഷന്‍ കമ്മറ്റിയും ആരോപിക്കുന്നത്.

Related Articles