Current Date

Search
Close this search box.
Search
Close this search box.

അലപ്പോക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യ തലസ്ഥാനങ്ങളില്‍ പ്രകടനം

വാഷിംഗ്ടണ്‍: സിറിയയിലെ അലപ്പോയില്‍ സിവിലിയന്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ ആക്രമണങ്ങളിലും മരുന്നു ഭക്ഷണവും വരെ തടയുന്ന ഉപരോധത്തിലും പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടുള്ള പ്രകടനങ്ങള്‍ക്ക് വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ സാക്ഷ്യം വഹിച്ചു. പ്രസ്തുത രാജ്യങ്ങളിലെ റഷ്യന്‍ എംബസികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍.
അലപ്പോയില്‍ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന അസദ് ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യന്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി വാഷിംഗ്ടണിലെ റഷ്യന്‍ എംബസിക്ക് മുമ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രകടനം നടത്തി. അലപ്പോ കൂട്ടകുരുതിക്ക് നേരെ അന്താരാഷ്ട്ര സമൂഹവും ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടവും സ്വീകരിച്ചിരിക്കുന്ന മൗനത്തെ പ്രതിഷേധക്കാര്‍ അപലപിച്ചു. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടിനെയും പ്രസിഡന്റ് ഒബാമയുടെ നിഷ്‌ക്രിയത്വത്തെയും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ അധ്യക്ഷന്‍ നിഹാദ് ഇവദ് കുറ്റപ്പെടുത്തി.
പാരീസില്‍ അലപ്പോക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രണ്ടായിരത്തില്‍ പരം ആളുകളാണ് ഒരുമിച്ച് കൂടിയത്. അലപ്പോയിലെ ആസൂത്രിതമായ അതിക്രമങ്ങളെ അപലപിച്ച പ്രകടനക്കാര്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനും അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും എതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. പാരീസ് നഗരസഭ ഈഫല്‍ ഗോപുരത്തിലെ ലൈറ്റുകളും അണച്ചായിരുന്നു ഐക്യദാര്‍ഢ്യത്തില്‍ പങ്കാളികളായത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ വേദികളുടെ ആഹ്വാനപ്രകാരമായിരുന്നു പ്രകടനം. അപ്രകാരം ഡെന്‍മാര്‍ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും ഐക്യദാര്‍ഢ്യ പ്രകടനവും നടന്നു.
അലപ്പോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിസംബര്‍ 18ന് നടക്കേണ്ടിയിരുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കിയ ഖത്തറിന്റെ തീരുമാനം ശ്രദ്ധേയമാണ്. പരേഡും വൈമാനിക അഭ്യാസങ്ങളും അടക്കം ദേശീയ ദിനാഘോഷം ഉജ്ജ്വലമാക്കാനായി മാസങ്ങളായുള്ള ഒരുങ്ങള്‍ നടത്തി വരികയായിരുന്നു ഖത്തര്‍. അതിനിടെയിലാണ് പുതിയ തീരുമാനം അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി പ്രഖ്യാപിച്ചത്. അടിച്ചമര്‍ത്തപ്പെടുകയും തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്ന അലപ്പോയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഖത്തറിലെ ദേശീയ ദിനാഘോഷം റദ്ദാക്കുന്നതെന്ന് അമീര്‍ ഖത്തര്‍ ന്യൂസ് ഏജന്‍സി വഴിയുള്ള പ്രസ്താവന വ്യക്തമാക്കി.

Related Articles