Current Date

Search
Close this search box.
Search
Close this search box.

അലപ്പൊ ശ്മശാനഭൂമിയായി മാറുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: യുദ്ധവും, ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നത് തടയുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ സിറിയന്‍ തലസ്ഥാനമായ അലപ്പൊ നഗരം ഒരു ശ്മശാനഭൂമിയായി മാറുമെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ഒബ്രീന്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ന്യൂയോര്‍ക്കില്‍ അടിയന്തിരമായി വിളിച്ച് ചേര്‍ത്ത സുരക്ഷാ സമിതി യോഗം യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തിര നടപടികള്‍ കൈകൊള്ളാന്‍ സിറിയന്‍ പ്രതിപക്ഷം ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.
വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ അലപ്പോയില്‍ ബുധനാഴ്ച്ച സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 7 കുട്ടികളുള്‍പ്പെടെ 45 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി ഒബ്രീന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 72 മണിക്കൂറിനിടെ 20000 ആളുകളാണ് പാലായനം ചെയ്തത്. ഭയചകിതരായ ജനകൂട്ടം വെറും കൈയ്യോടെയാണ് വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കും, കുര്‍ദ് ആധിപത്യ മേഖലകളിലേക്കും കുടിയേറുന്നത്.
‘അലപ്പോ ഒരു കൂട്ട കുഴിമാടമായി മാറുന്നതിന് മുമ്പ് മേഖലയിലെ കക്ഷികളോടും, ഉപരോധിക്കപ്പെട്ട മേഖലയില്‍ അധികാരസ്വാധീനം ഉപയോഗിക്കാന്‍ കഴിയുന്നവരോടും മനുഷ്യരാശിയെ ഓര്‍ത്തിട്ടെങ്കിലും സിവിലിയന്‍മാരെ സംരക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.’ ഒബ്രീന്‍ പറഞ്ഞു.
തുര്‍ക്കിയില്‍ നിന്നും, പടിഞ്ഞാറന്‍ അലപ്പോയില്‍ നിന്നുമുള്ള സന്നദ്ധസഹായ സംഘങ്ങള്‍ കിഴക്കന്‍ അലപ്പോയിലേക്ക് വരാന്‍ തയ്യാറായിരുന്നു. പക്ഷെ കിഴക്കന്‍ അലപ്പോക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധമാണ് അതിന് തടസ്സമായി നില്‍ക്കുന്നത്. 250000 ആളുകള്‍ താമസിക്കുന്ന കിഴക്കന്‍ അലപ്പോ 2012 മുതല്‍ക്ക് സിറിയന്‍ വിമതരുടെ ശക്തികേന്ദ്രമാണ്. മേഖലക്ക് മേലുള്ള ആധിപത്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടി റഷ്യയുടെ സൈനികവും, നയതന്ത്രപരവുമായ പിന്തുണയോടെ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യം മേഖലക്ക് മേല്‍ നാല് മാസത്തോളമായി ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്.

Related Articles