Current Date

Search
Close this search box.
Search
Close this search box.

അറബ് ലീഗ് ആവശ്യപ്പെട്ടിട്ടാണ് ലിബിയയില്‍ ഇടപെട്ടതെന്ന് ബ്രിട്ടന്‍

ലണ്ടന്‍: അറബ് ലീഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് ലിബിയയില്‍ ഇടപെടല്‍ നടത്താന്‍ തീരുമാനമെടുത്തതെന്നും അതിന് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം നേടിയിരുന്നുവെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ഇടപെടലായിരുന്നു എന്ന പാര്‍ലമെന്റ് സമിതിയുടെ വിമര്‍ശത്തോട് പ്രതികരിച്ചു കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം പറഞ്ഞത്.
മുഅമ്മര്‍ ഖദ്ദാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രവചനാതീതമായിരുന്നു. അദ്ദേഹത്തിന് തന്റെ ഭീഷണികള്‍ നടപ്പാക്കാനുള്ള മാര്‍ഗങ്ങളും അതിനുള്ള പ്രചോദനങ്ങളുമുണ്ടായിരുന്നു. അതോടൊപ്പം അന്താരാഷ്ട്ര നടപടികള്‍ അനിവാര്യമായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാനാവുമായിരുന്നില്ല. സിവിലിയന്‍മാരെ സംരക്ഷിക്കുക എന്ന ഐക്യരാഷ്ട്രസഭ ഏല്‍പിച്ച ദൗത്യമാണ് ലിബിയയിലെ സൈനിക നീക്കത്തിലുടനീളം ഞങ്ങള്‍ പാലിച്ചത്. എന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പറഞ്ഞു. നാല് പതിറ്റാണ്ടു കാലത്തെ ഖദ്ദാഫി ഭരണത്തിന് ശേഷം കടുത്ത വെല്ലുവിളികളാണ് ലിബിയ അഭിമുഖീകരിച്ചിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ഐക്യസര്‍ക്കാറിന്റെ രൂപീകരണത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ ബ്രിട്ടന്‍ നേതൃപരമായ പങ്ക് വഹിക്കുന്നത് തുടരുമെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
2011ല്‍ ലിബിയയില്‍ അന്നത്തെ പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണിന്റെ ഉത്തരവനുസരിച്ച് ബ്രിട്ടന്‍ നടത്തിയ സൈനിക ഇടപെടല്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് ചില എംപിമാര്‍ ആരോപിച്ചിരുന്നു.

Related Articles