Current Date

Search
Close this search box.
Search
Close this search box.

അറബി സംസാരിച്ച കാരണത്താല്‍ മുസ്‌ലിം യുവാവിനെ വിമാനത്തില്‍ നിന്നും പുറത്താക്കി

 ലണ്ടന്‍: വിമാനത്തിനുള്ളില്‍ അറബി ഭാഷയില്‍ സംസാരിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മുസ്‌ലിമും, യൂട്യൂബ് സെലബ്രിറ്റിയുമായ ആദം സാലിഹിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരനെയും ഡെല്‍റ്റാ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. വിമാനത്തിനുള്ളില്‍ ഒച്ചവെക്കുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്തിനാലും, ഫ്‌ലൈറ്റ് ക്രൂവില്‍ നിന്നും, മറ്റു യാത്രക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ആദം സാലിഹിനെയും മറ്റൊരു യാത്രക്കാരനെയും വിമാനത്തില്‍ നിന്നും നീക്കം ചെയ്തതെന്ന് ന്യൂയോര്‍ക്കില്‍ ഇറങ്ങിയതിന് ശേഷം ഡെല്‍റ്റ് ഫ്‌ലൈറ്റ് 1 അധികൃതര്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സാലിഹ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും, വീഡിയോ റെക്കോഡ് ചെയ്യുന്നതിന് മുമ്പ് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ‘എന്റെ ഉമ്മയോട് അറബിയില്‍ സംസാരിച്ചതിന്റെ പേരില്‍ ഞങ്ങളെ ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്താക്കിയിരിക്കുന്നു,’ സാലിഹ് ട്വീറ്റ് ചെയ്തു. വീഡിയോ ഇതിനോടകം മൂന്ന് ലക്ഷം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ‘മറ്റൊരു ഭാഷ സംസാരിച്ച കാരണത്താലാണ് ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇത് 2016 ആണ്. ഒരു വ്യത്യസ്ത ഭാഷ സംസാരിച്ചു എന്ന കാരണത്താലാണ് ഡെല്‍റ്റ എയര്‍ലൈന്‍സ് ഞങ്ങളെ പുറത്താക്കിയിരിക്കുന്നത്.’
മറ്റൊരു യാത്രക്കാരനോട് സാലിഹ് സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും; ‘ഞാനൊരു വാക്ക് പറഞ്ഞതാണോ നിങ്ങളില്‍ അസ്വസ്ഥത ജനിപ്പിക്കുന്നത്?’. യാത്രക്കാരില്‍ ചിലര്‍ സാലിഹിന് ടാറ്റ കാണിച്ച് പുറത്ത് പോകാന്‍ പറയുന്നത്. നിങ്ങള്‍ വംശീയവാദികളാണ് എന്നായിരുന്നു സാലിഹിന്റെ പ്രതികരണം. യാത്രക്കാരില്‍ ഒരാള്‍ മാത്രം മാത്രം സാലിഹിന് വേണ്ടി സംസാരിക്കുകയും, വിമാന അധികൃതരോട് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് തന്റെ സുഹൃത്തിനൊപ്പം പോകുകയായിരുന്നു സാലിഹ്. ഒരിക്കല്‍ കൂടി സുരക്ഷാപരിശോധനകള്‍ക്ക് വിധേയനായതിന് ശേഷം മറ്റൊരു വിമാനത്തിലാണ് സാലിഹ് യാത്ര തുടര്‍ന്നത്.
‘ഇരുപതോളം യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് യാത്രക്കാരെ പുറത്താക്കേണ്ടി വന്നത്. അവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റി അയച്ചിട്ടുണ്ട്’ എന്ന് തങ്ങളുടെ വെബ്‌സൈറ്റില്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. ‘വിവേചനം നടന്നുവെന്ന ആരോപണങ്ങളെ ഞങ്ങള്‍ ഗൗരവത്തോടെ തന്നെയാണ് എടുക്കുന്നത്; മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറണമെന്നാണ് ഞങ്ങളുടെ സംസ്‌കാരം ആവശ്യപ്പെടുന്നത്.’
ന്യൂയോര്‍ക്കില്‍ എത്തിയതിന് ശേഷം വക്കീലിനെ കാണുമെന്ന് ആദം സാലിഹ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരുപാട് ആളുകള്‍ വിമാനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് മാസത്തില്‍, ഒരു യാത്രകാരന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് പാരീസില്‍ നിന്നും സിന്‍സിനാറ്റിയിലേക്ക് പോവുകയായിരുന്ന മുസ്‌ലിം ദമ്പതികളെ ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്താക്കിയിരുന്നു.

Related Articles