Current Date

Search
Close this search box.
Search
Close this search box.

അയോധ്യയില്‍ രാമക്ഷേത്രത്തിനായി ശിലകള്‍ എത്തിക്കുന്നത് നിരോധിക്കണം

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിനായി അയോധ്യയില്‍ ശിലകള്‍ എത്തിക്കുന്നതില്‍ വിവിധ മുസ്‌ലിം കൂട്ടായ്മകള്‍ ഉത്കണ്ഠ രേഖപ്പെടുത്തി. വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയില്‍ രാമസേവക്പുരത്ത് അഞ്ച് ട്രക്കുകളിലായി ശിലകള്‍ എത്തിയിട്ടുണ്ട്. നവംബറോടെ ക്ഷേത്ര നിര്‍മാണത്തിന്റെ തിയ്യതി പ്രഖ്യാപിക്കുമെന്ന് വി.എച്ച്.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രം നിര്‍മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നിലനില്‍ക്കെ വി.എച്ച്.പി നടത്തുന്ന ഈ ശ്രമം കോടതിയോടുള്ള അനാദരവാണെന്ന് മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കി.
”പരമോന്നത നീതിപീഠത്തെ അനാദരിച്ചു കൊണ്ടി ശിലകള്‍ എത്തിക്കുന്നതിനെതിരെ ഞങ്ങള്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കും. വിഷയം കോടതിയുടെ പരിഗണയിലുണ്ടായിരിക്കെ രാമക്ഷേത്ര നിര്‍്മാണത്തിനായി വി.എച്ച്.പി അയോധ്യയില്‍ ശിലകള്‍ സമാഹരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടും.” എന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ മുതിര്‍ന്ന അംഗമായ സയ്യിദ് ഖാസിം റസൂല്‍ ഇല്‍യാസ് പറഞ്ഞു. സുപ്രീം കോടതിക്ക് മുമ്പിലുള്ള കേസില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് കക്ഷിയല്ലെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന വേദിയെന്ന നിലയിലാണ് പരാതി നല്‍കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിനായി ശിലകള്‍ എത്തിക്കുന്നത് ഉടന്‍ നിരോധിക്കണമെന്ന് കേസില്‍ കക്ഷിയായ ജംഇയത്തുല്‍ ഉലമ ഹിന്ദിന്റെ അയോധ്യ-ഫൈസാബാദ് യൂണിറ്റ് പ്രസിഡന്റ് മൗലാനാ ബാദ്ഷാ ആവശ്യപ്പെട്ടു. വി.എച്ച്.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ജംഇയത്ത് കോടതിയെ സമീപിക്കുമെന്നും അദ്േദഹം വ്യക്തമാക്കി.
അയോധ്യയില്‍ ഈയടുത്ത് ആരംഭിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കുമെന്നും അതുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നും മുസ്‌ലിം നേതാക്കള്‍ അഭിപ്രായപ്പെട്ടു. വി.എച്ച്.പിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവര്‍ ശിലകള്‍ ഇറക്കുന്നത് തടയണമെന്നും കേസില്‍ കക്ഷിയായ ആള്‍ ഇന്ത്യ മില്ലി കൗണ്‍സിലിലെ മുതിര്‍ന്ന അംഗം ഖാലിഖ് അഹ്മദ് ഖാന്‍ പറഞ്ഞു. വി.എച്ച്.പി രാമക്ഷേത്രത്തിനുള്ള ശിലകള്‍ ഇറക്കുന്നത് തുടര്‍ന്നാല്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ സമാഹരിക്കാന്‍ മുസ്‌ലിം സമുദായവും നിര്‍ബന്ധിതരാവുമെന്ന് കേസിലെ അന്യായക്കാരില്‍ ഒരാളായ ഹാജി മഹബൂബ് അഭിപ്രായപ്പെട്ടു.

Related Articles