Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയെ ‘ഇസ്‌ലാമിക ഭീകരത’യില്‍ നിന്ന് സംരക്ഷിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളെ ‘ഇസ്‌ലാമിക ഭീകരത’യുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് തന്റെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അഭയാര്‍ഥികളുടെ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയും ഭീകരതയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് വിസ നല്‍കുന്നത് തടഞ്ഞുമാണത് സാധ്യമാക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ഫിലാഡല്‍ഫിയയില്‍ വെച്ച് അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളില്‍ നിന്നും രാജ്യത്തെ സുരക്ഷിതമാക്കി മാറ്റുമെന്നും ‘തീവ്രഇസ്‌ലാമിക ഭീകരത’യില്‍ നിന്ന് അമേരിക്കക്കാര്‍ക്ക് സംരക്ഷണം നല്‍കല്‍ അതില്‍പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അഭയാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവിനെ കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അതനുസരിച്ച് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അമേരിക്കയിലേക്ക് കടക്കുന്നതിന് പൂര്‍ണ വിലക്കും അഭയാര്‍ഥികള്‍ക്ക് പൊതുവെ 120 ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ദേശീയസുരക്ഷാ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ദേശീയ ഇന്റലിജന്‍സ് ഓഫീസും അംഗീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാണ് റിപോര്‍ട്ട്. അപ്രകാരം പുതിയ വിസാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രാജ്യങ്ങളുടെ പട്ടിക അടുത്ത 60 ദിവസത്തിനുള്ളില്‍ സമര്‍പിക്കാന്‍ വിദേശകാര്യ, ദേശീയ സുരക്ഷാ മന്ത്രാലയങ്ങളോടും ഇന്റലിജന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കുള്ള വിലക്കില്‍ അവിടങ്ങളിലെ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇളവുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles