Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല: പുടിന്‍

ഗോവ: അമേരിക്കയുമായി ഒരു ഏറ്റുമുട്ടലിന് തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൗസില്‍ നഗരം ഐഎസില്‍ നിന്ന് വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ നിരവധി ആളുകള്‍ ഇരയാക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റഷ്യ – അമേരിക്ക ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് മോസ്‌കോ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയിലെ ഗോവയില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു.
അമേരിക്കയില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യയുമായി സഹകരിക്കാന്‍ തയ്യാറുള്ള ഏത് അമേരിക്കന്‍ നേതൃത്വവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. അത് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപാണെങ്കിലും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനാണെങ്കിലും തങ്ങള്‍ക്ക് ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.  എന്നാല്‍ അമേരിക്ക റഷ്യയെ ഒരു ശത്രുവിന്റെ സ്ഥാനത്താണ് നിര്‍ത്തുന്നതെന്നും രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നതിനാണതെന്നും പുടിന്‍ ആരോപിച്ചു. സിറിയന്‍ പ്രതിസന്ധിയിലുള്ള ഇരു രാഷ്ട്രങ്ങളുടെ നിലപാടുകളിലെ വൈരുധ്യത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ അമേരിക്ക ബന്ധത്തില്‍ വിള്ളലുകളുണ്ടായത്.

Related Articles