Current Date

Search
Close this search box.
Search
Close this search box.

അമേരിക്കക്ക് പുറകെ ഇസ്രയേലും യുനെസ്‌കോ അംഗത്വം ഉപേക്ഷിക്കാനൊരുങ്ങുന്നു

തെല്‍അവീവ്: ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള വേദികളിലൊന്നായ യുനെസ്‌കോ (UNESCO) അംഗത്വം ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഇസ്രയേലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു എന്നാരോപിച്ച് അമേരിക്ക യുനെസ്‌കോ അംഗത്വം ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. യുനെസ്‌കോ അംഗത്വം ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ‘ധീരവും ധാര്‍മികവു’മായ നടപടി എന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന വിശേഷിപ്പിച്ചത്. ചരിത്രത്തെ സംരക്ഷിക്കുന്നതിന് പകരം അതിനെ വികൃതവല്‍കരിക്കുന്ന യുനെസ്‌കോ അസംബന്ധങ്ങളുടെ ഒരു നാടകവേദിയായി മാറിയിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. സംഘടനയിലെ അംഗത്വം ഉപേക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു.
ഖുദ്‌സ് നഗരത്തിലെയും ഫലസ്തീന്‍ ഭൂമിയിലെയും സാംസ്‌കാരിക പൈതൃത സ്ഥാനങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങളില്‍ യുനെസ്‌കോ പക്ഷപാതിത്വം കാണിക്കുകയാണെന്ന ആരോപണം കഴിഞ്ഞ വര്‍ഷം തന്നെ ഇസ്രയേല്‍ ഉയര്‍ത്തിയിരുന്നു. അമേരിക്ക യുനെസ്‌കോ അംഗത്വം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനെസ്‌കോയിലെ അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ സ്ഥാനത്ത് നിരീക്ഷക സ്വഭാവമുള്ള പ്രതിനിധികളെ നിശ്ചയിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഹേഥര്‍ നോററ്റ് വ്യക്തമാക്കി. ലാഘവത്തോടെ എടുത്ത ഒരു തീരുമാനമല്ല ഇതെന്നും യുനെസ്‌കോയിലെ വര്‍ധിച്ചുവരുന്ന കുടിശ്ശിക, സംഘടനയിലെ സമൂലമായ പരിഷ്‌കരണത്തിന്റെ അനിവാര്യത, തുര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്രയേലിനെതിരായ പക്ഷപാതിത്വം തുടങ്ങിയ കാര്യങ്ങളിലുള്ള അമേരിക്കന്‍ ഉത്കണ്ഠയിലേക്ക് വെളിച്ചം വീശുന്ന ഒന്നാണിതെന്നും നോററ്റ് കൂട്ടിചേര്‍ത്തു.
അമേരിക്കയുടെ ഈ തീരുമാനം ഡിസംബര്‍ 31 മുതലാണ് പ്രാബല്യത്തില്‍ വരിക. യുനെസ്‌കോ ഫലസ്തീന് അംഗത്വം നല്‍കിയതിനെ തുടര്‍ന്ന് 2011ല്‍ അമേരിക്ക യുനെസ്‌കോക്കുള്ള ഫണ്ട് വെട്ടിചുരുക്കിയിരുന്നു. ആകെ 194 അംഗങ്ങളില്‍ അമേരിക്കയും ഇസ്രയേലും അടക്കമുള്ള 14 രാഷ്ട്രങ്ങള്‍ മാത്രമാണ് ഫലസ്തീന് അംഗത്വം നല്‍കുന്നതിനെ പ്രതികൂലിച്ചത്. അമേരിക്കയുടെ ഈ നടപടിയില്‍ യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊകോവോ അതിയായ ദുഖം രേഖപ്പെടുത്തി. ബഹുസ്വരതക്കേറ്റ ക്ഷതമായിട്ടാണ് അവര്‍ അമേരിക്കന്‍ നടപടിയെ വിലയിരുത്തിയത്. അപ്രകാരം ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും ഈ തീരുമാനത്തില്‍ ദുഖം പ്രകടിപ്പിച്ചു.

Related Articles