Current Date

Search
Close this search box.
Search
Close this search box.

അമേരിക്കക്കു പിന്നാലെ ഗ്വാട്ടമാലയും എംബസി ജറൂസലേമിലേക്ക് മാറ്റുന്നു

ഗ്വാട്ടമാല സിറ്റി: അമേരിക്കക്കു പിന്നാലെ ഇസ്രായേലിലെ ഗ്വാട്ടമാല എംബസിയും ജറൂസലേമിലേക്ക് മാറ്റുന്നു. അമേരിക്കന്‍ എംബസി മാറ്റുമെന്ന് പ്രഖ്യാപിച്ച മേയില്‍ തന്നെയാണ് ഗ്വാട്ടമാലയും എംബസി മാറ്റുന്നത്. നിലവില്‍ തെല്‍ അവീവിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. യു.എസ് എംബസി മാറ്റി രണ്ടു ദിവസത്തിനു ശേഷമാണ് ഗ്വാട്ടമാലയും മാറ്റിസ്ഥാപിക്കുക.

പ്രസിഡന്റ് ജിമ്മി മൊറാല്‍സ് ആണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വാഷിങ്ടണില്‍ നടന്ന അമേരിക്കന്‍ ഇസ്രായേല്‍ പൊതുകാര്യ കമ്മിറ്റിയുടെ വാര്‍ഷിക യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഏറെ കരഘോഷത്തോടെയും കൈയടികളോടെയുമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോട് യോഗത്തിലെ അംഗങ്ങള്‍ പ്രതികരിച്ചത്.

‘ഒരു രാജ്യത്തിന്റെ പരമാധികാരമായ തീരുമാനം എന്ന നിലയില്‍ ഞങ്ങള്‍ ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയാണ്’ മൊറാല്‍സ് പറഞ്ഞു.
1947ല്‍ ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കാന്‍ ആദ്യം വോട്ടു ചെയ്ത രാജ്യങ്ങളില്‍ ഒന്നാണ് ഗ്വാട്ടമാല. 1959ല്‍ ആദ്യമായി ഇസ്രായേലില്‍ എംബസി തുറന്നതും ഗ്വാട്ടമാലയാണ്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം മേയിലാണ് യു.എസ് ജറൂസലേമില്‍ എംബസി തുറക്കുമെന്ന് പ്രഖ്യാപിച്ചത്. 1948 മേയ് 14നാണ് ഇസ്രായേല്‍ സ്വാതന്ത്ര്യ ദിനം.

 

Related Articles