Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥി വിഷയത്തില്‍ പുതിയ ഉത്തരവിറക്കുന്നതിനെ കുറിച്ച് ട്രംപ് പഠിക്കുന്നു

വാഷിംഗ്ടണ്‍: ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പുനസ്ഥാപിക്കാനാവില്ലെന്ന് യു.എസ് ഫെഡറല്‍ കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ പുതിയ ഉത്തരവിറക്കുന്നത് സംബന്ധിച്ച് താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാരാന്ത അവധി ചെലവിടാന്‍ വാഷിംഗ്ടണില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് പോകുകയായിരുന്ന ട്രംപ് വിമാനത്തില്‍ വെച്ചാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രസ്തുത ഉത്തരവുണ്ടാകുമെന്നും ഈ വിഷയത്തില്‍ മുന്നോട്ടു പോകാന്‍ തന്നെയാണ് തന്റെ ഭരണകൂടത്തിന്റെ തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ ഉത്തരവ് നിലവിലെ ഉത്തരവില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കില്ലെന്നും എന്നാല്‍ മറ്റ് സാധ്യതകളെ കുറിച്ച് ഭരണകൂടം പഠിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നിലവിലെ ഉത്തരവ് നടപ്പാക്കുന്നതിനായിട്ടുള്ള നിയമപോരാട്ടത്തില്‍ തന്റെ ഭരണകൂടം വിജയിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ട്രംപിന്റെ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ഒരാഴ്ച മുമ്പ് തല്‍ക്കാലത്തേക്ക് റദ്ദാക്കിയത്. കീഴ്‌ക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച അപ്പീല്‍ കോടതി, തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോ എന്നും ചോദിച്ചു.ദേശീയസുരക്ഷ അപകടത്തിലാണെന്നും കോടതി ഉത്തരവിനെ നിയമപരമായി നേരിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27ന് നിലവില്‍വന്ന വിവാദ ഉത്തരവാണ് സീറ്റില്‍ കോടതി റദ്ദാക്കിയത്. വാഷിങ്ടണ്‍, മിനിസോട സ്‌റ്റേറ്റുകളുടെ വാദങ്ങള്‍ പരിഗണിച്ചായിരുന്നു വിധി. ഇതിനെതിരെ യു.എസ് നിയമവകുപ്പാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. ഇനി സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടിയാലേ നിയമവകുപ്പിന് വിസ നിരോധന ഉത്തരവ് നടപ്പാക്കാനാകൂ.പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്ന രാജ്യങ്ങളില്‍നിന്ന് അമേരിക്കക്ക് തീവ്രവാദ ഭീഷണിയുണ്ടെന്നതിന് തെളിവ് ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്‌ളെന്ന് അപ്പീല്‍ പരിഗണിച്ച മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.ട്രംപിന്റെ ഉത്തരവിനെതിരെ വെര്‍ജീനിയ, ന്യൂയോര്‍ക്, മസാചൂസറ്റ്‌സ്, മിഷിഗന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോടതികളിലും കേസ് നടക്കുന്നുണ്ട്.

Related Articles