Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥി രജിസ്‌ട്രേഷനിലെ പിഴവുകള്‍ ഭാവിയില്‍ പ്രയാസങ്ങളുണ്ടാക്കും: റോഹിങ്ക്യന്‍ ആക്ടിവിസ്റ്റ്

അബൂദാബി: ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പുകളിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ രജിസ്‌ട്രേഷനില്‍ സംഭവിക്കുന്ന പിഴവുകള്‍ ഭാവിയില്‍ അഭയാര്‍ഥികള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ വിദഗ്ദനും റോഹിങ്ക്യന്‍ ആക്ടിവിസ്റ്റുമായ മുഹമ്മദ് അയ്യൂബ്. യു.എ.ഇയില്‍ കഴിയുന്ന അദ്ദേഹം അനദോലു ന്യൂസിന് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കാവുന്ന ഏതൊരു വീഴ്ച്ചയും മാരകമായ ഫലങ്ങളാണ് ഉണ്ടാക്കുയെന്നും അഞ്ച് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികളുടെ മ്യാന്‍മറിലേക്കുള്ള മടക്കത്തെയത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭയാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്തേണ്ടത് പ്രധാനമാണ്. റോഹിങ്ക്യയില്‍ നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ ഏക രേഖ അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് മടക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ ഒരു പൊതുസംഘത്തെ രൂപീകരിക്കുന്നത് സംബന്ധിച്ച് ധാരണയായതായി കഴിഞ്ഞ തിങ്കളാഴ്ച്ച ധാക്കയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മ്യാന്‍മറും ബംഗ്ലാദേശും പ്രഖ്യാപിച്ചിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ബംഗ്ലാദേശ് നല്‍കുന്ന രേഖയായിരിക്കും അവര്‍ക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖയായിട്ടുണ്ടാവുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. സെപ്റ്റംബര്‍ 11ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതിന് ശേഷം ഒരു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

Related Articles