Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥി പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം പാലിച്ചില്ലെന്ന് എര്‍ദോഗാന്‍

അങ്കാറ: യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭ അഭയാര്‍ഥി കമ്മീഷനും അഭയാര്‍ഥി വിഷയത്തിലുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. വ്യാഴാഴ്ച്ച അങ്കാറയില്‍ നാലാമത് ഇന്റര്‍നാഷണല്‍ ഓംബുഡ്‌സ്മാന്‍ സിമ്പോസിയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മുപ്പത് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്കായി ഞങ്ങള്‍ 26 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും അവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കിലും അവര്‍ക്കുള്ള സഹായം ഞങ്ങള്‍ തുടരും. എന്നും അദ്ദേഹം പറഞ്ഞു.
തോക്കിന്‍ മുനകളില്‍ നിന്നും ബാരല്‍ബോംബുകളില്‍ നിന്നും രക്ഷതേടി ഓടിവരുന്നവര്‍ക്ക് നല്‍കുന്ന സംരക്ഷണം തുര്‍ക്കി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില ത്യാഗങ്ങള്‍ക്ക് തയ്യാറാവാതെയും ഭാരം പങ്കിട്ടെടുക്കാതെയും അഭയാര്‍ഥി പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. മര്‍ദിതര്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ കവാടങ്ങള്‍ ഞാന്‍ തുറന്നു വെച്ചിരിക്കുകയാണ്. കൊടുകുറ്റവാളികളും സ്വേച്ഛാധിപതികളുമായവര്‍ക്ക് അവരെ വിട്ടു കൊടുക്കില്ല. നൂറില്‍പരം വര്‍ഷങ്ങളായി ഈ മണ്ണ് അഭയാര്‍ഥികളുടെ വീടുകളാണ്. എന്നും അദ്ദേഹം പറഞ്ഞു.
2016-17 വര്‍ഷത്തില്‍ മൂന്ന് ബില്യണ്‍ യൂറോയും 2018ല്‍ മറ്റൊരു മൂന്ന് ബില്യണ്‍ യൂറോയും തുര്‍ക്കിക്ക് അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ നല്‍കാമെന്നായിരുന്നു യൂോപ്യന്‍ യൂണിയന്റെ വാഗ്ദാനം. 2016 മാര്‍ച്ച് 18 തുര്‍ക്കിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിച്ചില്ലെന്ന് യൂണിയന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

Related Articles