Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥികളോടുള്ള പടിഞ്ഞാറിന്റെ വംശീയ നിലപാട് ലജ്ജാകരം: എര്‍ദോഗാന്‍

ഹാങ്ഷു: അഭയാര്‍ഥി പ്രതിസന്ധിയോടുള്ള പടിഞ്ഞാറിന്റെ വംശീയതയിലധിഷ്ഠിതമായ നിലപാട് ലജ്ജാകരമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് പകരം അവര്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടക്കുന്ന സമീപനത്തില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. ഹാങ്ഷുവില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.
സിറിയയില്‍ കൊല്ലപ്പെട്ടവര്‍ ആറ് ലക്ഷം കവിഞ്ഞിരിക്കുന്നു. ഇത്രയും ആളുകളെ കൊലക്കും കൊടുത്തിട്ടാണെങ്കിലും ‘കൊലായാളിയായ അസദിനെ’ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തണമെന്ന ചിന്ത ലജ്ജാകരമാണ്. അവരുടെ രാജ്യത്തിനുള്ളില്‍ 95 കിലോമീറ്റര്‍ നീളത്തിലും 40 കിലോമീറ്റര്‍ വീതിയിലും സുരക്ഷിത മേഖലയൊരുക്കി അഭയാര്‍ഥി പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് കഴിഞ്ഞ ജി-20 ഉച്ചകോടിയില്‍ (തുര്‍ക്കിയില്‍ നടന്ന) ഞങ്ങള്‍ പറഞ്ഞിരുന്നു. അതേ വിഷയം തന്നെയാണ് ഈ വര്‍ഷം നടന്ന ഉച്ചകോടിയിലും ഞങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും വരുന്ന അഭയാര്‍ഥികളെ ഒരു വിവേചനവും കൂടാതെ സ്വീകരിക്കുന്നത് തുടരും. അതിന് പുറമെ നിന്ന് പിന്തുണ കിട്ടിയാലും ഇല്ലെങ്കിലും ശരി. സിറിയന്‍ പ്രതിസന്ധി അടക്കമുള്ള പ്രദേശത്തെ അടിസ്ഥാന പ്രശ്‌നത്തിലേക്ക് ഇറങ്ങിചെല്ലാതെ അഭയാര്‍ഥി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാവില്ല. എന്നും തുര്‍ക്കി പ്രസിഡന്റ് വിവരിച്ചു.
സിറിയിയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള മൂന്ന് ദശലക്ഷം അഭയാര്‍ഥികളെ തുര്‍ക്കി സ്വീകരിച്ചിട്ടുണ്ട്. അഭയാര്‍ഥികള്‍ക്കായി 12 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്തു. തുര്‍ക്കിയിലെ സാമൂഹ്യ സംഘടനകള്‍ ചെലവഴിച്ചത് കൂടി കൂട്ടിയാല്‍ 25 ബില്യണില്‍ അതെത്തുമെന്നും എര്‍ദോഗാന്‍ സൂചിപ്പിച്ചു. ഫത്ഹുല്ല ഗുലന്റെ ഭീകരസംഘടനക്ക് 170ല്‍ പരം രാഷ്ട്രങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന അന്താരാഷ്ട്ര നെറ്റ്‌വര്‍ക്കുണ്ടെന്നും ചാരിറ്റി, വിദ്യാഭ്യാസം പോലുള്ള മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെ ഇടം പിടിക്കുന്ന അതിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles