Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കിഷ് പൗരത്വം നല്‍കുമെന്ന് എര്‍ദോഗാന്‍

അങ്കാറ: പരിശോധന പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്ന സിറിയന്‍, ഇറാഖി അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കിഷ് പൗരത്വം നല്‍കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചു. യുദ്ധം മൂലം ജന്മനാടുകള്‍ വിട്ടോടി വരുന്ന ദശലക്ഷകണക്കിന് പേരില്‍ ആരൊക്കെയാണ് പൗരത്വത്തിന് അര്‍ഹര്‍ എന്ന് കണ്ടെത്തുന്നതിന് വേണ്ടി സുരക്ഷാ പരിശോധനകള്‍ നടത്തുമെന്ന് എര്‍ദോഗാന്‍ പറഞ്ഞു.
‘അവര്‍ക്കിടയില്‍ ഒരുപാട് ഉന്നത ബിരുദങ്ങള്‍ നേടിയ എഞ്ചിനീയര്‍മാരും, അഡ്വക്കറ്റുമാരും, ഡോക്ടര്‍മാരുമുണ്ട്. അവരുടെ കഴിവുകളെ നമുക്ക് ഉപയോഗിക്കാം. അവിടെയും ഇവിടെയുമൊക്കെ നിയമവിരുദ്ധമായി ജോലി ചെയ്യാന്‍ അവരെ വിടുന്നതിന് പകരം, ഈ രാജ്യത്തിന്റെ മക്കളെ പോലെ ഉത്തമപൗരന്‍മാരായി ഇവിടെ ജോലി ചെയ്യാനുള്ള അവസരം നമുക്ക് അവര്‍ക്ക് നല്‍കാം.’ എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ എത്രയാളുകള്‍ക്ക് ഇത്തരത്തില്‍ തുര്‍ക്കിഷ് പൗരത്വം നല്‍കും എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയിട്ടില്ല. എന്നാല്‍ പ്രസിഡന്റിന്റെ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധവും, വംശീയ പ്രതികരണങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. എര്‍ദോഗാന്‍ ഇതിലൂടെ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യവെക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നായി ഏതാണ്ട് 30 ലക്ഷത്തിലധികം അഭയാര്‍ത്ഥികളെ തുര്‍ക്കി സ്വീകരിച്ചു കഴിഞ്ഞു.

Related Articles