Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥികളോട് രാജ്യം വിടാനുള്ള നിര്‍ദേശത്തിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം

ജറൂസലം: ഇസ്രായേലില്‍ കഴിയുന്ന ആഫ്രിക്കന്‍ അഭയാര്‍ത്ഥികളോട് രാജ്യം വിടണമെന്ന നിര്‍ദേശത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തം. ഇസ്രായേലിനു പുറമെ ലണ്ടന്‍,ന്യൂയോര്‍ക്ക്, പാരിസ്,ബെര്‍ലിന്‍,ടൊറണ്ടോ തുടങ്ങി ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇസ്രായേലിന്റെ നിലപാടിനെതിരെ പ്രതിഷേധ റാലികള്‍ അരങ്ങേറി. ഇവിടങ്ങളിലെ റുവാണ്ടന്‍ എംബസികള്‍ക്കു മുന്നിലും പ്രതിഷേധ റാലി നടന്നു. ഇസ്രായേലിന്റെ നിലപാടിനെതിരെ സമ്മര്‍ദം ചെലുത്താന്‍ റുവാണ്ടന്‍ പ്രസിഡന്റിനോടും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനോടും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി ഇസ്രായേലില്‍ കഴിയുന്ന റുവാണ്ട,ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള അഭയാര്‍ത്ഥികളോടാണ് രാജ്യം വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്വയം രാജ്യം വിടാന്‍ സന്നദ്ധമായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ജയിലിലടക്കുമെന്ന ഭീഷണിയും പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്നുകില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാം അല്ലെങ്കില്‍ ജയിലില്‍ കിടക്കാം എന്നീ രണ്ടു വഴികളാണ് തങ്ങള്‍ക്കു മുന്നിലുള്ളതെന്നാണ് അഭയാര്‍ത്ഥികള്‍ പറയുന്നത്.

എന്നാല്‍ ആക്രമവും കലാപവും നിറഞ്ഞ തങ്ങളുടെ നാട്ടിലേക്ക് തിരികെ പോകാന്‍ അവരില്‍ പലര്‍ക്കും ഭയമാണ്. അതവര്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പലരും രാജ്യം വിടാനുള്ള തയാറെടുപ്പിലാണ്. മനസ്സിലാമനസ്സോടെയാണ് അവര്‍ ആഫ്രിക്കയിലേക്ക് തിരിച്ചുപോകുന്നത്. വിമാനടിക്കറ്റും അനുബന്ധ ചിലവുകളും യാത്രരേഖകളും ഇസ്രായേല്‍ നല്‍കുന്നുണ്ട്.

പതിനായിരക്കണക്കിന് ആഫ്രിക്കന്‍ അഭയാര്‍ത്ഥികളാണ് ഇസ്രായേലിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ കഴിയുന്നവരാണിവര്‍. 27000 എറിത്രിയക്കാരും 7700 സുഡാന്‍ അഭയാര്‍ത്ഥികളുമാണ് ഇവിടെയുള്ളതെന്നാണ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇരുപതിനായിരത്തോളം പുരുഷ അഭയാര്‍ത്ഥികള്‍ക്കാണ് ഇസ്രായേല്‍ 60 ദിവസത്തിനകം രാജ്യം വിടണമെന്ന നോട്ടീസ് കഴിഞ്ഞ ആഴ്ച നല്‍കിയത്.

 

Related Articles