Current Date

Search
Close this search box.
Search
Close this search box.

അബ്ബാസിന്റെ പ്രസ്താവന ആരും മുഖവിലക്കെടുക്കുന്നില്ല: ഹമാസ്

ഗസ്സ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം വാഷിംഗ്ടണില്‍ നടത്തിയ പത്രസമ്മേളനത്തിലെ അബ്ബാസിന്റെ പ്രസ്താവനകള്‍ ആരും മുഖവിലക്കെടുക്കുന്നില്ലെന്ന് ഹമാസ് നേതാവ് സാമി അബൂസുഹ്‌രി. ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ അബ്ബാസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണെന്ന അബ്ബാസിന്റെ പ്രസ്താവന ഹമാസ് തള്ളിക്കളയുന്നതായി അദ്ദേഹം വ്യക്തമാക്കി. ആ വിഷയങ്ങള്‍ മുഴുവന്‍ ഫലസ്തീനികളുടെയും ദേശീയ അവകാശങ്ങളാണെന്നും ഒരാള്‍ക്കും അതില്‍ അതിരുവിടാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീനികള്‍ ഇസ്രയേല്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്നും, അതേസമയം ഫലസ്തീന്‍ ജനതക്കും അവരുടെ മണ്ണിനും മേലുള്ള അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു എന്നും പത്രസമ്മേളനത്തില്‍ അബ്ബാസ് പറഞ്ഞിരുന്നു. അഭയാര്‍ഥികളുടേതും തടവുകാരുടേതും അടക്കമുള്ള മുഴുവന്‍ പ്രശ്‌നങ്ങളും അന്താരാഷ്ട്ര നിയമമനുസരിച്ച് പരിഹരിക്കപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിച്ച് സമാധാനം സാക്ഷാല്‍കരിക്കുന്നതാണ് ഫലസ്തീനികള്‍ താല്‍പര്യപ്പെടുന്നതെന്ന് പറഞ്ഞ അബ്ബാസ് അമേരിക്കന്‍ പ്രസിഡന്റിന് അതിന് വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഫലസ്തീനിനും ഇസ്രയേലിനും ഇടയില്‍ സമധാനം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചിലരെല്ലാം കരുതുന്നത് പോലെ അത്ര പ്രയാസകരമായ ഒന്നല്ല അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു കക്ഷികള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാനുള്ള സന്നദ്ധതയും ട്രംപ് പ്രകടിപ്പിച്ചു. പ്രകോപനങ്ങള്‍ക്കും വിദ്വേഷ പ്രസ്താവനകള്‍ക്കും എതിരെ ഏകസ്വരത്തില്‍ ശബ്ദിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫലസ്തീനികളോട് ആവശ്യപ്പെട്ടു. ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് അബ്ബാസ് വൈറ്റ്ഹൗസ് സന്ദര്‍ശിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു രണ്ടര മാസം മുമ്പ് വൈറ്റ്ഹൗസ് സന്ദര്‍ശിച്ച് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Related Articles