Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പാകിസ്താന്‍ നല്‍കിയ സമയപരിധി അവസാനിക്കുന്നു

ഇസ്‌ലാമാബാദ്: പാകിസ്താനിലേക്ക് കുടിയേറിയ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സമപരിധി അവസാനിക്കുന്നു. പത്തു ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് പാകിസ്താനിലുള്ളത്. ഇവര്‍ കാലങ്ങളായി പാകിസ്താനില്‍ കഴിയുന്നവരാണ്.

ഇവര്‍ക്ക് നല്‍കിയിരുന്ന സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാകിസ്താന്‍ നിയമം ശക്തമാക്കുന്നത്. അടുത്താഴ്ച ചേരുന്ന ഫെഡറല്‍ ക്യാബിനറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയും രഹസ്യാന്വേഷണ വിഭാഗം മേധാവിയും ബുധനാഴ്ച പാകിസ്താനിലെത്തുന്നുണ്ട്.

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സമയപരിധി പാകിസ്താന്‍ നീട്ടിനല്‍കാറാണ് പതിവ്. രജിസ്‌ട്രേഷന്‍ കാര്‍ഡുള്ളവര്‍ക്ക് നേരത്തെ ആറു തവണ കാര്‍ഡ് പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരി മൂന്നിന് നീട്ടി നല്‍കിയപ്പോള്‍ ഒരു മാസം മാത്രമാണ് കാലാവധി അനുവദിച്ചത്.

പാകിസ്താനിലെ സാമ്പത്തിക വ്യവസ്ഥ നാശത്തിലാണെന്നും നിലവിലെ സാഹചര്യത്തില്‍ അഭയാര്‍ത്ഥികളെ കൂടി നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണെന്നും പാകിസ്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പാകിസ്താനില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് അമേരിക്കയും-പാകിസ്താനും തമ്മിലുള്ള തര്‍ക്കവിഷയം കൂടിയാണ്. ഇത് സുരക്ഷാഭീഷണിയാണെന്നാണ് ഏഷ്യന്‍ രാജ്യങ്ങള്‍ പാകിസ്താനോട് പറയുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും പാകിസ്താന്‍ പുതിയ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

 

Related Articles