Current Date

Search
Close this search box.
Search
Close this search box.

അനീതികള്‍ക്കെതിരെ ഐക്യപ്പെടണം: ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ന്യൂനപക്ഷ-ദലിത് പീഡനത്തിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലും സംഗമത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ഹരിയാനയില്‍ വര്‍ഗീയവാദികള്‍ ട്രെയിനില്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമിന്റെയും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീന്റെയും സാന്നിധ്യത്തിലായിരുന്നു സംഗമം.  ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ്  തങ്ങള്‍ ഉദ്ഘാടനംചെയ്തു. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ  പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പാലഭാഗത്തുനിന്നും ഉയരുന്നത്. ഇത്തരം അനീതിക്കും  അധര്‍മത്തിനുമെതിരെ ജനാധിപത്യ മതേതര സമൂഹം ഐക്യപ്പെടണം.
പട്ടാളക്കാരന്റെ പിതാവായ മുഹമ്മദ് അഖ്‌ലാക്കും വിദ്യാര്‍ഥിയായ ജുനൈദും  ഉള്‍പ്പെടെ രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് സാമ്യതകളുണ്ട്. പശുവിന്റെ പേരില്‍ കൊലപാതക പരമ്പരകള്‍ നടന്ന്  ലോകത്തിനുമുന്നില്‍ നമ്മുടെ രാജ്യം നാണംകെട്ടപ്പോള്‍ വിദേശയാത്രകളില്‍ ആനന്ദംകൊള്ളുന്ന പ്രധാനമന്ത്രി മോദിക്കുപോലും  പ്രതികരിക്കേണ്ടിവന്നു. അതിനുശേഷവും ഝാര്‍ഖണ്ഡില്‍ ആലിമുദ്ദീന്‍ അന്‍സാരി കൊല്ലപ്പെട്ടതും വീടുകള്‍ അഗ്‌നിക്കിരയാക്കിയതും നമ്മള്‍  കണ്ടു. ആസൂത്രിതമായി രൂപംകൊള്ളുന്ന ജനക്കൂട്ടങ്ങള്‍ അക്രമാസക്തരായി ദലിതരെയും മുസ്‌ലിംകളെയും വേട്ടയാടുമ്പോള്‍ ഭരണകൂടങ്ങള്‍ ഗൗരവത്തോടെ സമീപിക്കാത്തതും പ്രശ്‌നം രൂക്ഷമാക്കുകയാണെന്ന് ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.
പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതുകൊണ്ടായില്ലെന്നും ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു  പരിഷത്ത് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ അദ്ദേഹം തയാറാകണമെന്നും ജുനൈദിന്റെ സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. പ്രധാനമന്ത്രി നേരത്തെ ആത്മാര്‍ഥതയോടെ പ്രസ്താവന നടത്തിയിരുന്നെങ്കില്‍ ജുനൈദ് ഇന്ന് നമ്മോടൊപ്പം  ജീവിക്കുമായിരുന്നു. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ എതിര്‍ക്കാന്‍ എല്ലാ മതവിശ്വാസികള്‍ക്കും സാധിക്കണമെന്നും  അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. നേരത്തെ മുതലക്കുളത്തുനിന്ന്  ആരംഭിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

Related Articles