Current Date

Search
Close this search box.
Search
Close this search box.

അനന്തരാവകാശത്തില്‍ സ്ത്രീപുരുഷ സമത്വത്തിന് നിയമം വേണം: തുനീഷ്യന്‍ പ്രസിഡന്റ്

തൂനിസ്: അനന്തരസ്വത്തില്‍ പുരുഷന് ലഭ്യമാകുന്ന അതേ അവകാശം സ്ത്രീക്കും ലഭ്യമാക്കുകയും, വിദേശികളെ വിവാഹം ചെയ്യാന്‍ സ്ത്രീള്‍ക്ക് അവകാശം നല്‍കുകയും ചെയ്യുന്ന രീതിയില്‍ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ബാജി ഖാഇദ് അസ്സിബ്‌സി. ഇത് മതവിശ്വാസത്തിനോ രാജ്യത്തിന്റെ ഭരണഘടനക്കോ വിരുദ്ധമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുനീഷ്യന്‍ വനിതാ ദിനത്തില്‍ കര്‍ത്താജിലെ പ്രസിഡന്റ് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് മുന്നില്‍ തടസ്സമാണ് 1973ലെ ഉത്തരവ്. വിശ്വാസ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും ഭരണഘടനയും ആറാം ഖണ്ഡിക ഉറപ്പുനല്‍കുകയും അതിന്റെ സംരക്ഷണ ഉത്തരവാദിത്വം ഭരണകൂടത്തിന് ഉണ്ടായിരിക്കെയുമാണിതെന്നും അദ്ദേഹം പറഞ്ഞു.
അനന്തരാവകാശം അടക്കമുള്ള എല്ലാ കാര്യങ്ങളിലും സമ്പൂര്‍ണ സ്ത്രീ പുരുഷ സമത്വം വേണമെന്നാവശ്യപ്പെട്ട് തുനീഷ്യയിലെ ചില വനിതാ സംഘടനകള്‍ സമരം നടത്തുന്നുണ്ട്. ഈ വിഷയങ്ങളിലുള്ള മതപ്രമാണങ്ങളുടെ വിശകലനം നവീകരിക്കണമെന്നതാണ് അവര്‍ ആവശ്യപ്പെടുന്നത്. വിദേശികളെ അവരുടെ മതം പരിഗണിക്കാതെ വിവാഹം ചെയ്യാന്‍ സ്ത്രീക്ക് അവകാശം നല്‍കണമെന്നതും അവരുടെ ആവശ്യമാണ്. ബഹുഭാര്യത്വം തടയല്‍, വിവാഹമോചനം ചെയ്യാന്‍ സ്ത്രീക്ക് അവകാശം, ഇണയെ തെരെഞ്ഞെടുക്കാനുള്ള അവകാശം പോലുള്ള വിപുലമായ അവകാശങ്ങള്‍ നിലവിലെ തുനീഷ്യന്‍ വ്യക്തിനിയമത്തിലുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന ബില്ലും ഏതാനും ദിവസങ്ങള്‍ മുമ്പ് തുനീഷ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അതിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം നടയുന്നതിന് നിയമം കൊണ്ടുവന്നിട്ടുള്ള ആദ്യ അറബ് രാഷ്ട്രം എന്ന സ്ഥാനത്തിന് തുനീഷ്യ അര്‍ഹമായിരിക്കുകയാണ്.

Related Articles