Current Date

Search
Close this search box.
Search
Close this search box.

അധിനിവേശകരുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കണം: ഹമാസ്

ഗസ്സ: അധിനിവേശ ഇസ്രയേലുമായുള്ള എല്ലാവിധ സുരക്ഷാ സഹകരണവും അവസാനിപ്പിക്കുകയും വെസ്റ്റ്ബാങ്കില്‍ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ് ആരംഭിക്കുകയും വേണമെന്ന് ഹമാസ് ഫലസ്തീന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ഫറ അഭയാര്‍ഥി ക്യാമ്പില്‍ അതിക്രമിച്ചു കടന്ന് ഇസ്രയേല്‍ തടവറയില്‍ നിന്നും മോചിതനായ മുഹമ്മദ് സാലിഹിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഇസ്രയേല്‍ സേനയുടെ നടപടി നീചമായ കുറ്റകൃത്യവും ആസൂത്രിതമായ ഭീകരപ്രവര്‍ത്തനവുമാണെന്ന് ഹമാസ് വ്യക്തമാക്കി. തുടരുന്ന ഇസ്രയേല്‍ കുറ്റകൃത്യങ്ങള്‍ ഫലസ്തീന്‍ ജനതയെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്‍തിഫാദയുടെ മാര്‍ഗത്തില്‍ നിലകൊള്ളാനുള്ള സ്ഥൈര്യമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കുകയില്ലെന്നും ഹമാസ് അഭിപ്രായപ്പെട്ടു.
മാതാപിതാക്കളുടെ ഏകമകനായ സാലിഹിയെ മാതാവിന്റെ കണ്‍മുന്നിലിട്ട് ഇസ്രയേല്‍ സൈന്യം നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്യാമ്പിലെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സൈനികരുടെ വലിയൊരു സംഘം ക്യാമ്പില്‍ അതിക്രമിച്ച് കടന്ന് പലരെയും അറസ്റ്റ് ചെയ്‌തെന്നും ക്യാമ്പിലെ ആക്ടിവിസ്റ്റായ ഖാലിദ് മന്‍സൂര്‍ പറഞ്ഞു. വെടിയേറ്റ് നിലത്ത് വീണ സാലിഹിയെ രക്തം വാര്‍ന്നു പോകുന്ന അവസ്ഥയില്‍ സൈനികര്‍ ചികിത്സ ലഭ്യമാക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ നില്‍ക്കാനുള്ള ആജ്ഞ അനുസരിക്കാതെ സാലിഹി കത്തിയുമായി ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ വരികയായിരുന്നുവെന്നും അതുകൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. സാലിഹിയുടെ മരണത്തിന് ശേഷം ക്യാമ്പിലെ ഫലസ്തീന്‍ യുവാക്കളും സൈനികരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Related Articles