Current Date

Search
Close this search box.
Search
Close this search box.

അദസുമായി സഖ്യമുണ്ടാക്കാന്‍ ജര്‍മനിക്ക് കഴിയില്ല: ആംഗല മെര്‍ക്കല്‍

ബര്‍ലിന്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സഖ്യകക്ഷിയായി സ്വീകരിക്കാന്‍ തന്റെ രാജ്യത്തിനാവില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. സിറിയന്‍ ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ ഉത്തരവാദിയാണ് അദ്ദേഹമെന്നും തലസ്ഥാനമായ ബര്‍ലിനില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാരല്‍ ബോംബുകളുപയോഗിച്ച് സ്വന്തം ജനതയെ തകര്‍ക്കുകയാണ് അസദ് എന്നും അലപ്പോ നേരിടുന്ന മാനുഷിക ദുരന്തത്തിന്റെ ഉത്തരവാദി അദ്ദേഹമാണെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ഇവിടെയെത്തിയ അഭയാര്‍ഥികളിലേറെയും അസദില്‍ നിന്നും ഓടിരക്ഷപ്പെട്ടവരാണ്, അല്ലാതെ ഐഎസ് ഭീകരരെ ഭയന്ന് പോന്നവരല്ല. അതുകൊണ്ടു തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അസദിനെ സഖ്യകക്ഷിയായി സ്വീകരിക്കാനാവില്ല. എന്നും അവര്‍ കൂട്ടിചേര്‍ത്തു.
സിറിയന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷിയായ റഷ്യ നമ്മുടെ മൂല്യങ്ങളെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും മാനിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ നിലകൊള്ളാന്‍ ഒബാമ തന്റെ പിന്‍ഗാമിയായി വരുന്ന ഡൊണാള്‍ഡ് ട്രംപിനോട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ തന്നെ ട്രംപ് പറഞ്ഞിട്ടുള്ളത് ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ റഷ്യയുമായി സഹകരിക്കുമെന്നും സിറിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്നിറക്കുന്നത് തന്റെ മുന്‍ഗണനാ പട്ടികയില്‍ ഇല്ലെന്നുമാണ്.

Related Articles