Current Date

Search
Close this search box.
Search
Close this search box.

അട്ടിമറി ശ്രമത്തെ വാഷിംഗ്ടണ്‍ അപലപിച്ചു; ഗുലനെ വിട്ടുകിട്ടണമെന്ന് അങ്കാറ

അങ്കാറ: അമേരിക്കന്‍ സംയുക്ത സേനകളുടെ മേധാവി ജനറല്‍ ജോസഫ് ഡന്‍ഫോര്‍ഡ് തുര്‍ക്കി ജനാധിപത്യത്തിന് തന്റെ രാഷ്ട്രത്തിന്റെ പിന്തുണ അറിയിക്കുകയും അവിടെ നടന്ന അട്ടിമറി ശ്രമത്തെ അപലപിക്കുകയും ചെയ്തു. തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിമുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹമിത് പ്രസ്താവിച്ചത്. തുര്‍ക്കിയിലെ പരാജിത അട്ടിമറിയോട് വാഷിംഗ്ടണ്‍ വ്യക്തവും കൃത്യവുമായ നിലപാട് സ്വീകരിക്കണമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന തുര്‍ക്കി വിമത നേതാവ് ഫത്ഹുല്ല ഗുലനെ കൈമാറണമെന്ന തുര്‍ക്കിയുടെ ആവശ്യം യില്‍ദ്രിം കൂടിക്കാഴ്ച്ചയില്‍ ആവര്‍ത്തിച്ചു. നാറ്റോ സഖ്യത്തിലെ അംഗങ്ങളായ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിലുണ്ടായിരിക്കുന്ന അസ്വസ്ഥതകള്‍ ലഘൂകരിക്കാനുദ്ദേശിച്ചുള്ളതാണ് അമേരിക്കന്‍ സൈനിക മേധാവിയുടെ തുര്‍ക്കി സന്ദര്‍ശനം.
തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തോടുള്ള പാശ്ചാത്യ പ്രതികരണങ്ങളും ഗുലനെ കൈമാറാനുള്ള അമേരിക്കയുടെ വൈമനസ്യവും തുര്‍ക്കിയുടെ രോഷത്തിന് കാരണമായിരുന്നു. ഡന്‍ഫോര്‍ഡിന്റെ സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം അങ്കാറയിലെ അമേരിക്കന്‍ എംബസിക്ക് നേരെ പ്രതിഷേധ പ്രകടനവും നടന്നു. ‘അട്ടിമറിയുടെ സൂത്രധാരന്‍ ഡന്‍ഫോര്‍ഡിനെ തുര്‍ക്കി പുറത്താക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ റാലി നടത്തിയത്. ‘മടങ്ങൂ ഡന്‍ഫോര്‍ഡ്… ഫത്ഹുല്ലയെ അയക്കൂ…’ എന്ന മുദ്രാവാക്യവും പ്രകടക്കാര്‍ ഉയര്‍ത്തി.

Related Articles