Current Date

Search
Close this search box.
Search
Close this search box.

അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ ഉര്‍ദുഗാന് പിന്തുണയുമായി ജനങ്ങള്‍

ഇസ്തംബൂള്‍: സൈനിക അട്ടിമറി ശ്രമത്തിനെതിരെ ഈജിപ്തിലെ ഔദ്യോഗിക ഭരണകൂടത്തിനും പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും പിന്തുണ പ്രഖ്യാപിച്ചു തുര്‍ക്കി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. സൈന്യത്തിലെ ഏതാനും ഓഫീസര്‍മാര്‍ നടത്തിയ അട്ടിമറി ശ്രമത്തിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ തുര്‍ക്കി പൗരന്‍മാരും പ്രകടനങ്ങള്‍ നടത്തി.
അട്ടിമറി ശ്രമത്തിന് ശേഷം ഇസ്തംബൂളിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അട്ടിമറിയില്‍ പങ്കുള്ളവരെയെല്ലാം വിചാരണ ചെയ്യുമെന്ന് തന്നെ സ്വീകരിച്ച ജനക്കൂട്ടത്തിന് ഉറപ്പുനല്‍കി. തുര്‍ക്കിയെ വെറുക്കുന്ന സംഘമാണ് അട്ടിമറി ശ്രമം നടത്തിയതെന്നും അവര്‍ക്ക് അതിനുള്ള കല്‍പനകള്‍ ലഭിച്ചത് പെന്‍സില്‍വാനിയയില്‍ നിന്നാണെന്ന് അവിടെ താമസിക്കുന്ന ഫത്ഹുല്ല ഗുലനിലേക്ക് സൂചന നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനായി സൈനിക കൂടിയാലോചനാ സമിതി ചേരാന്‍ നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പാണ് അട്ടിമറി ശ്രമമുണ്ടായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സൈന്യത്തിലെ പ്രമോഷന്‍, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സൈനിക കൂടിയാലോചനാ കൗണ്‍സില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് ചേരാറുള്ളത്. മിഡില്‍ റാങ്കിലുള്ള നാനൂറോളം ഓഫീസര്‍മാരെ സൈന്യത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കമുണ്ടെന്ന തരത്തില്‍ ചില റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു എന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ ആമിര്‍ ലാവി പറഞ്ഞു. പ്രസ്തുത ഓഫീസര്‍മാരാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉര്‍ദുഗാന്‍ സര്‍ക്കാറിനെ പിന്തുണക്കാന്‍ ഒബാമയുടെ ആഹ്വാനം
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആഹ്വാനം. തുര്‍ക്കി ജനതയോടാണ് ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്.  രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉര്‍ദുഗാനെ പിന്തുണക്കണമെന്നും വൈറ്റ്ഹൗസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ഒബാമ ആവശ്യപ്പെട്ടു. ഐ.എസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ സഖ്യകക്ഷികളില്‍ പ്രധാനിയാണ് തുര്‍ക്കി. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാരുമായി വിഷയത്തില്‍ ഒബാമ ചര്‍ച്ച നടത്തി. തുടര്‍ന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി കെറി സ്ഥിതിഗതികള്‍ ചര്‍ച്ച നടത്തി.

Related Articles