Current Date

Search
Close this search box.
Search
Close this search box.

അട്ടിമറിക്കാരെ ലോകത്തിന് മുമ്പില്‍ അല്ലാഹു നിന്ദ്യരാക്കി: ഡോ. യൂസുഫുല്‍ ഖറദാവി

ദോഹ: തുര്‍ക്കിയുടെ മുന്നോട്ടുള്ള പ്രയാണം തിരിച്ചുവിടാന്‍ ആഗ്രഹിച്ച ദുര്‍ബല ശക്തിയെ എല്ലാവരുടെയും മുമ്പില്‍ അല്ലാഹു നിന്ദ്യരാക്കിയിരിക്കുകയാണെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. തുര്‍ക്കി ജനതക്ക് വലിയ പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയ ഈ വിജയത്തില്‍ ഉര്‍ദുഗാനെയും തുര്‍ക്കിയിലെ സഹോദരങ്ങളെയും അഭിനന്ദിക്കുകയാണെന്നും ശനിയാഴ്ച്ച വൈകിയിട്ട് ടി.ആര്‍.ടി. അറബി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഓരോരുത്തരും തന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. അവരില്‍ ഒരാളും ശിക്ഷിക്കപ്പെടാതെ പോകരുത്. ലോകത്തെ തന്നെ വന്‍ശക്തികളിലൊന്നായി മാറുക എന്ന തുര്‍ക്കിയുടെ മോഹം യാഥാര്‍ഥ്യമാക്കാന്‍ അല്ലാഹു അവിടത്തെ ജനതയെ തുണക്കട്ടെ. പോയ വര്‍ഷങ്ങളില്‍ വിജയിച്ച തുര്‍ക്കി വരും വര്‍ഷങ്ങളിലും വിജയിക്കും. എന്ന് ഖറദാവി പറഞ്ഞു. തുര്‍ക്കി ജനതക്കും അതിന്റെ മഹാനായ നേതാവിനും ഒപ്പം തങ്ങള്‍ നിലകൊള്ളുമെന്നും ഖറദാവി അഭിമുഖത്തില്‍ വ്യക്തമാക്കി.
ഓരോ ദിവസവും തുര്‍ക്കി വന്‍നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഈ പ്രയാണത്തിന് തടയിടാനാണ് അട്ടിമറിക്കാര്‍ വന്നത്. എന്നാല്‍ അല്ലാഹു അവരുടെ കുതന്ത്രം വെളിച്ചത്ത് കൊണ്ടുവന്നു. അവരെ നിന്ദ്യരാക്കുകയും ജനതക്ക് മുമ്പില്‍ തുറന്നു കാട്ടുകയും ചെയ്തു. മൈതാനങ്ങളിലേക്കും എയര്‍പോര്‍ട്ടുകളിലേക്കും ഇറങ്ങിത്തിരിക്കാന്‍ നമ്മുടെ സഹോദരന്‍ ഉര്‍ദുഗാന്‍ നിര്‍ദേശം നല്‍കിയതും എല്ലായിടത്തും ജനങ്ങള്‍ ഒരുമിച്ചു കൂടി. ഈ ആഹ്വാനം കേട്ട് വന്നവരില്‍ പ്രതിപക്ഷം പോലും ഉണ്ടായിരുന്നു. കാരണം ഈ കുറ്റവാളികളുടെ കരങ്ങളാല്‍ തങ്ങളുടെ നാട് തകരരുതെന്ന നിര്‍ബന്ധമുള്ളവരായിരുന്നു അവര്‍. ഇങ്ങനെയൊരു ഘട്ടത്തില്‍ ഈ നിലപാടെടുത്ത പ്രതിപക്ഷത്തെയും നാം അഭിനന്ദിക്കുകയാണ്. മുഴുവന്‍ ജനതയും അട്ടിമറി ശ്രമത്തെ നിരാകരിച്ചപ്പോള്‍ അറബ്, ഇസ്‌ലാമിക ലോകവും അവര്‍ക്കൊപ്പം നിലകൊണ്ടു. സ്വതന്ത്രമായി ചിന്തിക്കുന്ന മുഴുവന്‍ ലോകവും അവര്‍ക്കൊപ്പം നിലകൊണ്ടു. ഓരോ ദിവസവും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സ്വതന്ത്ര ജനത അതിക്രമികളെ (അട്ടിമറിക്കാര്‍) ഞെട്ടിച്ചിരിക്കുന്നു. എന്നും അദ്ദേഹം വിവരിച്ചു.

Related Articles