Current Date

Search
Close this search box.
Search
Close this search box.

അഖ്‌സയിലേക്ക് പോകുന്നവരെ ഭീകരരാക്കുന്നത് അംഗീകരിക്കാനാവില്ല: എര്‍ദോഗാന്‍

ഇസ്തംബൂള്‍: മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതിന് നിബന്ധനകള്‍ വെച്ചതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ഖുദ്‌സിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇടപെടണമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് റൂവിന്‍ റിവ്‌ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. കഴിഞ്ഞ ദിവസം ഇസ്തംബൂളില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച്ച ഇസ്രയേല്‍ പ്രസിഡന്റുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടപ്പോള്‍ ‘ഭീകരതക്കെതിരെ പോരാടുകയാണ് ഞങ്ങള്‍’ എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചതെന്നും എര്‍ദോഗാന്‍ വിവരിച്ചു.
”താങ്കളുടെ ഈ സമീകരണം തീര്‍ത്തും തെറ്റാണ്. ഈ ആളുകള്‍ അവര്‍ പവിത്രമായി കാണുന്ന മസ്ജിദിലേക്കാണ് ജുമുഅ നിര്‍വഹിക്കാനായി തിരിക്കുന്നതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.” എന്ന മറപുടിയാണ് അതിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കരിക്കാന്‍ പോകുന്നവരെ ഭീകരരെന്ന് വിശേഷിപ്പിക്കുന്നത് തുര്‍ക്കി ഒരു നിലക്കും അംഗീകരിക്കില്ലെന്ന് റിവ്‌ലിനെ അറിയിച്ചതായും എര്‍ദോഗാന്‍ സൂചിപ്പിച്ചു. ഇലക്ട്രോണിക് ഗേറ്റുകളിലൂടെ കടക്കാനും പരിശോധനകള്‍ക്ക് വിധേയരാവാനും നിര്‍ബന്ധിക്കാതെ മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കരിക്കാനെത്തുന്നവരെ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് വേണ്ട നീക്കങ്ങള്‍ നടത്തണമെന്ന് ഇസ്രയേല്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സാധ്യമാകുന്നത്ര ശ്രമിക്കാം എന്ന മറുപടി മാത്രമാണ് റിവ്‌ലിന്‍ നല്‍കിയതെന്നും തന്റെ ടെലിഫോണ്‍ സംഭാഷണം അദ്ദേഹത്തിനും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും ഇടയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles