Current Date

Search
Close this search box.
Search
Close this search box.

അഖ്‌റബ് ജയിലില്‍ നടക്കുന്നത് മരണത്തിലേക്ക് നയിക്കുന്ന അതിക്രമങ്ങള്‍

കെയ്‌റോ: ഈജിപ്തിലെ അഖ്‌റബ് ജയിലില്‍ നടക്കുന്നത് തടവുകാരുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന അതിക്രമങ്ങളാണെന്ന് അല്‍ജസീറ റിപോര്‍ട്ട്. രാത്രികാലങ്ങളില്‍ പോലീസ് നായകളുമായി എത്തി പീഡിപ്പിക്കുക, ശകാരിക്കുകയും നിന്ദിക്കുകയും ചെയ്യുക, വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക, പട്ടിണിക്കിടുക, സന്ദര്‍ശനം വിലക്കുക, തടവറയില്‍ സംഭവിക്കുന്നത് പുറത്തറിയാതിരിക്കാനായി വിചാരണ വേളയില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യം തടയുക തുടങ്ങിയ മനുഷ്യത്വത്തിന് നിരക്കാത്ത അതിക്രമങ്ങളാണ് അഖ്‌റബ് ജയിലില്‍ നടക്കുന്നതെന്ന് റിപോര്‍ട്ട് വിശദീകരിച്ചു.
മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബല്‍താജിയുടെ ഭാര്യ സനാ അബ്ദുല്‍ ജവാദ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കത്തിലാണ് തടവറയിലെ അതിക്രമങ്ങളെ കുറിച്ച് പറയുന്നത്. ഈജിപ്തിലെ കുപ്രസിദ്ധമായ അഖ്‌റബ് ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ക്ക് ഒരു മാസത്തിലേറെ കാലമായി സന്ദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് നിരവധി തടവുകാരുടെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മോശം പെരുമാറ്റത്തില്‍ നിന്നും മരുന്നും ഭക്ഷണവും നിഷേധിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള തടവുകാരുടെ അഭ്യര്‍ഥന നദീം മനുഷ്യാവകാശ കേന്ദ്രം പുറത്തുവിട്ടിരുന്നു. രണ്ട് പേര്‍ക്ക് മാത്രം കഴിയാവുന്ന സെല്ലുകളില്‍ എട്ട് പേരെയാണ് കുത്തിനിറച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
അഖ്‌റബ് ജയിലിലെ തടവുകാരുടെ അഭ്യര്‍ഥന ഏതൊരു പൗരനെയും വേദനിപ്പിക്കേണ്ടതാണെന്നും അവിടെ സംഭവിക്കുന്നത് യാതൊരുവിധ ന്യായീകരണവുമില്ലാത്ത കാര്യങ്ങളാണെന്നും പ്രമുഖ അറബ് എഴുത്തുകാരനും നിരീക്ഷകനുമായ ഫഹ്മി ഹുവൈദി അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ ഭരണകൂടത്തിന് കൂടുതല്‍ കാലം നിലനില്‍ക്കുന്നതിന് രാഷ്ട്രീയ വിട്ടുവീഴ്ച്ചകള്‍ക്ക് പ്രേരിപ്പിക്കുക എന്നതാണ് തടവുകാര്‍ക്ക് മേല്‍, പ്രത്യേകിച്ചും അവരിലെ നേതാക്കള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദത്തിന്റെ ഉദ്ദേശ്യമെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

 

Related Articles