Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുല്ല നേതാവിനെ സൗദി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി

റിയാദ്: ലബനാന്‍ ഹിസ്ബുല്ലക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ഹിസ്ബുല്ല നേതാവ് ഹാശിം സഫിയുദ്ദീനെ സൗദി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി. ഭീകരാക്രമണങ്ങള്‍ക്ക് ഉപദേശം നല്‍കുകയും സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്ന പിന്തുണയും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന മറ്റ് വിഷയങ്ങളാണ്. ഹിസ്ബുല്ലയുടെ ഭീകരപ്രവര്‍ത്തനങ്ങളെയും അതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നവരെയും നേരിടുന്നതിന് നിയമപരമായ എല്ലാ മാര്‍ഗങ്ങളും ഭരണകൂടം ഉപയോഗപ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കി. ഹിസ്ബുല്ലയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിന് ലോകത്തിന്റെ പല ഭാഗത്തുമുള്ള സഖ്യകക്ഷികളുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രസ്താവന സൂചിപ്പിച്ചു. ഹിസ്ബുല്ല സായുധ സംഘങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് മൗനം പാലിക്കുന്നത് ഒരു രാജ്യത്തിനും ചേര്‍ന്നതല്ലെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
ഹിസ്ബുല്ല അരാജകത്വ പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളും കുറ്റകൃത്യങ്ങളും ലോകത്ത് തുടരുന്നിടത്തോളം സൗദി അറേബ്യ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും നേതാക്കളെയും ഭീകരപട്ടികയില്‍ ചേര്‍ക്കുന്നത് തുടരും. അതിനെ തുടര്‍ന്നുള്ള കര്‍ശന നടപടികളും അവര്‍ക്ക് മേലുണ്ടാവുമെന്നും സൗദി വ്യക്തമാക്കി. ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനായ സഫിയുദ്ദീന്‍ അതിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്.

Related Articles