Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ഭരണകൂടം 13,000 തടവുകാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി റിപോര്‍ട്ട്

ദമസ്‌കസ്: 2011 മുതല്‍ സിറിയന്‍ ഭരണകൂടം ജയിലുകളില്‍ വെച്ച് നടത്തിയ പീഡനങ്ങളുടെ ഫലമായി പതിമൂവായിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് സിറിയന്‍ മനുഷ്യാവകാശ നെറ്റ്‌വര്‍ക്കിന്റെ വെളിപ്പെടുത്തല്‍. കൊല്ലപെട്ടവരില്‍ 161 കുട്ടികളും 41 സ്ത്രീകളും ഉണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. പീഡനത്തിന്റെ ഇരകളെ സഹായിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് (International Day in Support of Victims of Torture) പുറത്തുവിട്ട റിപോര്‍ട്ടിലാണ് സിറിയന്‍ നെറ്റ്‌വര്‍ക്ക് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2011 മാര്‍ച്ചില്‍ വിപ്ലവം ആരംഭിച്ചതിന് ശേഷം സിറിയന്‍ തടവറകളില്‍ 12,920 ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
അപ്രകാരം സിറിയയുടെ വടക്കു ഭാഗത്തുള്ള കുര്‍ദുകളുടെ സ്വയംനിയന്ത്രണാധികാരമുള്ള സേനയുടെ തടവറകളിലെ പീഡനങ്ങളെ തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നെറ്റ്‌വര്‍ക്ക് സ്ഥിരീകരിച്ചു. കുര്‍ദുകളുടെ ഈ സേന അന്താരാഷ്ട്ര നിയമങ്ങളോ മനുഷ്യാവകാശങ്ങളോ അന്താരാഷ്ട്ര മാനദണ്ഡങ്ങളോ പരിഗണിക്കുന്നില്ലെന്നും യുദ്ധകുറ്റത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ് അവ ചെയ്യുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ഒരു കുട്ടിയും 13 സ്ത്രീകളും ഉള്‍പ്പടെ 30 തടവുകാരും ഐഎസിന്റെ കരങ്ങളാല്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും നെറ്റ്‌വര്‍ക്ക് വ്യക്തമാക്കി. വിചാരണ നടത്തിയെന്ന് വരുത്തിതീര്‍ത്ത് കൊലചെയ്യുകയോ പീഡിപ്പിക്കുകയോ പരസ്യമായി ശിക്ഷ നടപ്പാക്കുകയോ ചെയ്യുന്ന രീതിയാണ് അവര്‍ സ്വീകരിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങളോ മാനദണ്ഡങ്ങളോ അവരും പാലിക്കുന്നില്ലെന്നും റിപോര്‍ട്ട് വിശദീകരിച്ചു. ജബ്ഹത്തു ഫത്ഹുശ്ശാമിന്റെ തടവറയിലും പീഡനങ്ങളും മരണങ്ങളും വര്‍ധിച്ചിരിക്കുകയാണെന്ന് റിപോര്‍ട്ട് രേഖപ്പെടുത്തുന്നു. അപ്രകാരം സിറിയയിലെ സായുധ പ്രതിപക്ഷവും 30 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles