Current Date

Search
Close this search box.
Search
Close this search box.

ശിരോവസ്ത്ര നിരോധനത്തിനെതിരെ ജര്‍മന്‍ ജൂതകൗണ്‍സില്‍

ബെര്‍ലിന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിന് നിരോധനമേര്‍പ്പെടുത്തണമെന്ന ചില രാഷ്ട്രീയ നേതാക്കളുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ ശിരോവസ്ത്ര വിലക്കിനെതിരെ ജര്‍മനിയിലെ ജൂത കൗണ്‍സില്‍ (Central Council of Jews in Germany) പ്രസിഡന്റ് ജോസഫ് ഷൂസ്റ്റര്‍ രംഗത്ത്. ജര്‍മന്‍ ഭരണഘടനക്ക് നിരക്കാത്ത പ്രവര്‍ത്തനമാണ് അത്തരത്തിലുള്ള നിരോധനമെന്ന് അദ്ദേഹം വ്യക്തമാക്കി. നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നിടത്തോളം കാലം ഉദ്യോഗസ്ഥരെ മതചിഹ്നങ്ങള്‍ ധരിക്കാന്‍ അനുവദിക്കണമെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനിലെ ചില നേതാക്കളുടെ ‘ഇസ്‌ലാം നിയമം’ (Islam Law) എന്ന പേരില്‍ നിയമമുണ്ടാക്കണമെന്ന ആവശ്യത്തെയും ഷൂസ്റ്റര്‍ എതിര്‍ത്തു. ഓരോ മതവിഭാഗത്തിനും പ്രത്യേകം നിയമമുണ്ടാക്കുകയെന്നത് ശരിയല്ല. എന്നാല്‍ മുഴുവന്‍ ആരാധനാ കേന്ദ്രങ്ങളിലും ആളുകളെ അഭിസംബോധന ചെയ്യേണ്ടത് ജര്‍മന്‍ ഭാഷയിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തലമറക്കല്‍, ബലിയറുക്കല്‍ പോലുള്ള ആചാരങ്ങളെ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ജര്‍മനിയിലെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണിത്. ജൂതന്‍മാരെ പോലെ മുസ്‌ലിംകളും വര്‍ധിച്ച തോതില്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്. എന്നും അദ്ദേഹം സൂചിപ്പിച്ചു.
ജോലി സ്ഥലത്ത് ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കുന്ന നിയമം കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്യന്‍ കോടതി (ECJ) അംഗീകരിച്ചിരുന്നു. മതചിഹ്നങ്ങള്‍ക്കുള്ള വിലക്ക് പൊതുവില്‍ എല്ലാവര്‍ക്കും ബാധകമാകുന്നതായിരിക്കുക, വിലക്കിന് തക്കതായ കാരണം ഉണ്ടായിരിക്കുക എന്നീ ഉപാധികളോടെയായിരിക്കണം അത് നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Related Articles