Current Date

Search
Close this search box.
Search
Close this search box.

ശരീഅത്ത് നിയമങ്ങളില്‍ മുസ്‌ലിം സമുദായം സംതൃപ്തരാണ്: മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര ഭദ്രതക്കും ദേശീയ ഐക്യത്തിനും മതേതര സ്വഭാവത്തിനും ഒട്ടും ചേര്‍ന്നതല്ലെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ചിട്ടുള്ള വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം മുസ്‌ലിം സമുദായം പൂര്‍ണ സംതൃപ്തരാണ്. അതില്‍ എന്തെങ്കിലും മാറ്റം വരുത്തണെന്ന് സമുദായം ആഗ്രഹിക്കുന്നില്ല. അതില്‍ മാറ്റം വരുത്തുന്നത് ഇഷ്ടപ്പെടുന്നുമില്ല. അതുകൊണ്ടു തന്നെ അതിന്റെ സംരക്ഷണത്തിന് മുസ്‌ലിം സമുദായം ബാധ്യസ്ഥമാണ്. ഏക സിവില്‍കോഡിനെതിരെ മുസ്‌ലിംകള്‍ മാത്രം ഒരുമിച്ച് നിന്നാല്‍ മതിയാവില്ല. രാജ്യത്തിന്റെ പൊതുവായ പ്രശ്‌നമായതിനാല്‍ മതനിരപേക്ഷ കാഴ്ച്ചപാട് പുലര്‍ത്തുന്ന മുഴുവന്‍ രാജ്യസ്‌നേഹികളുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവിധ മതവിഭാഗങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക നായകന്‍മാരുടെയും സഹകരണവും പിന്തുണയും ഇതിന് ആവശ്യമാണ്. അതിനായി അവരുമായി ബന്ധപ്പെടാന്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇവ്വിഷയകമായി ബോര്‍ഡ് എടുത്തതും എടുക്കുന്നതുമായ എല്ലാ തീരുമാനത്തോടും യോജിക്കാനും അവയുടെ നിര്‍ദേശങ്ങള്‍ പ്രായോഗികവല്‍കരിക്കാനും മുസ്‌ലിം സംഘനാ നേതാക്കള്‍ സന്നദ്ധത അറിയിച്ചു.
ഏക സിവില്‍കോഡിനേതിരായ നീക്കത്തില്‍ വ്യാപകമായ ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്കും നിയമ കമ്മീഷനും പേഴ്‌സണല്‍ ലോ ബോര്‍ഡിനും അയക്കാന്‍ യോഗം തീരുമാനിച്ചു. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ഒപ്പുകള്‍ വെവ്വേറെ ശേഖരിച്ച് സ്ത്രീകളുടെ ഒപ്പുകള്‍ വനിതാ കമ്മീഷന് കൂടി അയക്കും. ഇങ്ങനെ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളുടെയും സഹകരണത്തോടെ ഏക സിവില്‍കോഡിനെ എതിര്‍ക്കണമെന്ന യോഗത്തിന്റെ തീരുമാനം ഓരോ സംഘടനകളും സ്വന്തം അണികളെ ഉപയോഗിച്ചു നടപ്പാക്കുമെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇ.കെ സുന്നി വിഭാഗം, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് മടവൂര്‍ വിഭാഗം, കെ.എന്‍.എം, എം.ഇ.എസ് എന്നീ സംഘടനകള്‍ പങ്കെടുത്ത യോഗത്തില്‍ കാന്തപുരം വിഭാഗത്തിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു.  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദേശത്താണുള്ളതെങ്കിലും സംഘടനയെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് , പി.വി അബ്ദുല്‍ വഹാബ്, ഇ.കെ വിഭാഗം നേതാക്കളായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, ഓള്‍ ഇന്ത്യ മുസ്‌ലിം ലോ ബോര്‍ഡ് പ്രതിനിധി അബ്ദുല്‍ ശുക്കൂര്‍ കാസിമി, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles