Kerala VoiceNews

റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: ലോകത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന റോഹിങ്ക്യന്‍ ജനതക്ക് മുസ്‌ലിം സംഘടനകളുടെ ഐക്യദാര്‍ഢ്യം.  മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് അരയിടത്തുപാലം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു. ബംഗ്ലാദേശില്‍നിന്നുള്ള ചക്മ അഭയാര്‍ഥികള്‍ക്ക് അഭയവും പൗരത്വവും നല്‍കാന്‍ തയാറാകുന്ന കേന്ദ്ര സര്‍ക്കാര്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ തീവ്രവാദം ആരോപിച്ച് ആട്ടിപ്പായിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജനിച്ച മണ്ണില്‍ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം തന്നെയാണ് പ്രധാനം. അതിനുള്ള സാഹചര്യം ഉരുത്തിരിയുന്നതുവരെ യു.എന്‍ നിബന്ധനക്ക് വിധേയമായി അഭയാര്‍ഥികളെന്ന പരിഗണനയോടെ ഇന്ത്യയില്‍ കഴിയാന്‍ അവരെ അനുവദിക്കണം. അല്ലാത്തപക്ഷം ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സന്ദേശം ലോകത്തിന് നല്‍കിയ ഇന്ത്യ മഹാരാജ്യമാണ് ചെറുതായിപ്പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്മറിലെ സാമ്പത്തിക രംഗത്തെ അസ്വസ്ഥതകള്‍ മറയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള ശ്രമമാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.പി.ഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച് നൊബേല്‍ സമ്മാന ജേതാവായ സൂചി പീഡനത്തെ ന്യായീകരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനംചെയ്യുന്ന ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലെ പ്ലക്കാര്‍ഡുകള്‍ നേതാക്കള്‍ ഉയര്‍ത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍വഹാബ് എം.പി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി (സമസ്ത), പ്രഫ. എ.കെ. അബ്ദുല്‍ഹമീദ് (സുന്നി എ.പി വിഭാഗം), ടി.പി. അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ഡോ. സാബിര്‍ നവാസ് (വിസ്ഡം), എ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യതുല്‍ ഉലമ), അബുല്‍ഖൈര്‍ മൗലവി (തബ്ലീഗ്), ഡോ. പി.എ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), പി. ഉണ്ണീന്‍ (എം.എസ്.എസ്), പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹീം സേട്ട്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ.കെ.എസ് മാധവന്‍ എന്നിവരും സംസാരിച്ചു. കോഓഡിനേഷന്‍ കണ്‍വീനര്‍ കെ.പി.എ. മജീദ് സ്വാഗതവും ഡോ. എം.ഐ. മജീദ് സ്വലാഹി നന്ദിയും പറഞ്ഞു. സി.വി.എം. വാണിമേല്‍ രചിച്ച ‘മരണപ്പാടം’ എന്ന കവിത ഗായകന്‍ വി.ടി. മുരളി ആലപിച്ചു.

Facebook Comments
Related Articles
Show More
Close
Close