EgyptNews

മുന്‍ ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മഹ്ദി ആകിഫ് അന്തരിച്ചു

കെയ്‌റോ: ഈജിപ്ത് ഭരണകൂടത്തിന്റെ തടവിലായിരിക്കെ മുന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മഹ്ദി ആകിഫ് മരണപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. 89 വയസ്സായിരുന്നു. ജയില്‍ സെല്ലില്‍ വെച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കെയ്‌റോയിലെ അല്‍ഖസ്‌റുല്‍ ഐനി ആശുപത്രിയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘത്തിന് നേതൃത്വം നല്‍കുന്ന അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ മഖ്‌സൂദ് പറഞ്ഞു. ആരോഗ്യാവസ്ഥ പരിഗണിച്ച് മോചിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കിയത്. കെയ്‌റോയിലെ നസ്വ്ര്‍ നഗരത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍മാരെ അടക്കം ചെയ്തിട്ടുള്ള മഖ്ബറയിലാണ് അദ്ദേഹത്തിനും ഖബര്‍ ഒരുക്കിയത്. സുരക്ഷാ വിഭാഗത്തിന്റെ കനത്ത സാന്നിദ്ധ്യത്തില്‍ നടന്ന ജനാസ ചടങ്ങില്‍ വളരെ ചുരുക്കം ആളുകളെ മാത്രമാണ് പങ്കെടുക്കാന്‍ അനുവദിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ അല്‍യാഅ്‌നും മാത്രമാണ് അവിടേക്ക് പ്രവേശനം നല്‍കിയത്. കെയ്‌റോയിലെ അല്‍ഖസ്‌റുല്‍ ഐനി ആശുപത്രിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ കേവലം നാല് പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അബ്ദുല്‍ മുന്‍ഇം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഖബറടക്കല്‍ റിപോര്‍ട്ട് ചെയ്യുന്നതിന് എല്ലാ വിധ മാധ്യമങ്ങള്‍ക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു എന്നും അഭിഭാഷകനെ ഉദ്ധരിച്ച് അറബി-21 റിപോര്‍ട്ട് ചെയ്തു.
രാത്രി തന്നെ മൃതദേഹം മറമാടാന്‍ നിര്‍ബന്ധിക്കുകയും അതില്‍ പങ്കെടുക്കുന്നതില്‍ ആളുകളെ തടയുകയും ചെയ്തതിലൂടെ മുന്‍ ബ്രദര്‍ഹുഡ് അധ്യക്ഷന്റെ മൃതദേഹത്തെ അനാദരിച്ചിരിക്കുകയാണെന്ന് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മാധ്യമ വക്താവ് അഹ്മദ് സൈഫുദ്ദീന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഈജിപ്ത് ഭരണകൂടത്തിനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആകിഫ് ആസൂത്രിതമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് ബ്രദര്‍ഹുഡ് വക്താവ് തല്‍അത് ഫഹ്മിയും അഭിപ്രായപ്പെട്ടു. ഈജിപ്തിന്റെ അകത്തും പുറത്തുമുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആളുകള്‍ അദ്ദേഹത്തിന് വേണ്ടി മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അടുത്ത ഞായറാഴ്ച്ച ഇസ്തംബൂളിലെ വലിയൊരു ഹോട്ടലില്‍ വെച്ച് ആകിഫിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ (ലണ്ടനില്‍ കഴിയുന്ന) ഇബ്‌റാഹീം മുനീര്‍ പറഞ്ഞു. മുഹമ്മദ് മുര്‍സിക്കെതിരെ നടന്ന സൈനിക അട്ടിമറിക്ക് ശേഷം 2013 ജൂലൈയിലാണ് ആകിഫ് അറസ്റ്റ് ചെയ്യപ്പെട്ടത്.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഏഴാമത്തെ മുര്‍ശിദുല്‍ ആം (അധ്യക്ഷന്‍) ആയ ഈജിപ്തിലെ ദഖ്ഹലിയ പ്രവിശ്യയിലാണ് ജനിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപിക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനം. 12ാം വയസ്സില്‍ ബ്രദര്‍ഹുഡില്‍ ചേര്‍ന്ന അദ്ദേഹം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു. സൗദിയില്‍ വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തിന്റെ (WAMY) ഉപദേഷ്ടാവായും ജര്‍മനിയിലെ മ്യൂണിക്കിലെ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987ല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഗൈഡന്‍സ് കമ്മറ്റി അംഗമായും ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ ഭരണകാലത്ത് പല തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. 2004ല്‍ മഅ്മൂന്‍ ഹുദൈബിയുടെ മരണ ശേഷം ആകിഫ് ബ്രദര്‍ഹുഡ് അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2010 വരെ അദ്ദേഹം ബ്രദര്‍ഹുഡിന് നേതൃത്വം നല്‍കുകയും തുടര്‍ന്ന് മുഹമ്മദ് ബദീഅ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Facebook Comments
Show More

Related Articles

Close
Close