NewsWorld Wide

മിശ്അലും ഹനിയ്യയും ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അലും ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഫലസ്തീന്‍ വിഷയത്തെയും ഫലസ്തീനികളുടെ ചെറുത്തു നില്‍പ്പിനെയും പിന്തുണച്ചു കൊണ്ടുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ഇരുവരും നന്ദി രേഖപ്പെടുത്തിയതായും ഹമാസ് പ്രസ്താവന വ്യക്തമാക്കി. കൂടിക്കാഴ്ച്ചയില്‍ ഖുദ്‌സിലെയും വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും പുതിയ സംഭവവികാസങ്ങളാണ് ചര്‍ച്ച ചെയ്തത്. ഫലസ്തീന്‍ ജനതയോടും അവരുടെ ന്യായമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിലും തന്റെ രാഷ്ട്രത്തിന് ഉറച്ച നിലപാടാണുള്ളതെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കി. ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന് ശേഷം കഴിഞ്ഞ മാസമാണ് ഹനിയ്യ ഖത്തറില്‍ എത്തിയത്.
ഫലസ്തീനികളെ രാഷ്ട്രീയമായും ഭൗതികമായും സഹായിക്കുന്ന പ്രധാന ശക്തികളിലൊന്നാണ് ഖത്തര്‍. ഇസ്രയേലിന്റെ കഴിഞ്ഞ ഗസ്സ ആക്രമണത്തിന് ശേഷം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 407 മില്യണ്‍ ഡോളറാണ് ഖത്തര്‍ നല്‍കിയിട്ടുള്ളത്. നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തിയ ഖത്തര്‍ ദുരിതബാധിതര്‍ക്ക് ആയിരത്തോളം വീടുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

Facebook Comments
Related Articles
Close
Close