Current Date

Search
Close this search box.
Search
Close this search box.

നീറ്റ് 2017; ഉര്‍ദു ഒഴിവാക്കിയതിന് കേന്ദ്രം മറുപടി പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടിട്ടും നീറ്റ് (National Eligibility-cum-Entrance Test) എഴുതാനുള്ള ഭാഷകളില്‍നിന്ന് ഉര്‍ദുവിനെ ഒഴിവാക്കിയതിന് കേന്ദ്ര സര്‍ക്കാറും സി.ബി.എസ്.ഇയും മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ഡെന്റെല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും മഹാരാഷ്ട്ര, തെലങ്കാന സര്‍ക്കാറുകള്‍ക്കും മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ബി.ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി.
സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെടാത്തത് കൊണ്ടാണ് നീറ്റ് എഴുതാനുള്ള ഭാഷകളില്‍നിന്ന് ഉര്‍ദുവിനെ ഒഴിവാക്കുന്നതെന്ന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതാണെന്ന് എസ്.ഐ.ഒവിന് വേണ്ടി ഹാജരായ അഡ്വ. രവീന്ദ്ര ഗരിയ ബോധിപ്പിച്ചു. ഇക്കാര്യം 2013ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനുശേഷം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടും എട്ടാം ഷെഡ്യൂളില്‍പെട്ട വിവിധ ഭാഷകളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിട്ടും ഉര്‍ദുവിനെ ഒഴിവാക്കിയത് അനീതിയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനും സി.ബി.എസ്.ഇക്കും മെഡിക്കല്‍ കൗണ്‍സിലിനും ഡെന്റല്‍ കൗണ്‍സിലിനും ഉര്‍ദു ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയ തെലങ്കാന, മഹാരാഷ്ട്ര സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയക്കുകയാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമെന്നും അതിന് മുമ്പായി നോട്ടീസ് ലഭിച്ചവര്‍ മറുപടി നല്‍കണമെന്നും തുടര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി.
എട്ടാം ഷെഡ്യൂളിലെ മറ്റ് ഏതൊക്കെ ഭാഷകളെ ഒഴിവാക്കിയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചോദിച്ചപ്പോള്‍ മലയാളത്തെയും ഒഴിവാക്കിയെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍, മലയാളത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തുനിന്ന് ആവശ്യമുയര്‍ന്നിട്ടില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ NCERT ഉര്‍ദുവില്‍ തയാറാക്കിയ സയന്‍സ് പാഠപുസ്തകത്തിലൂടെയാണ് 11, 12 ക്ലാസുകളില്‍ പരീക്ഷയെഴുതുന്നതെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നിട്ടും ഉര്‍ദുവില്‍ പരീക്ഷ നടത്താതെയാണ് NCERT  പാഠപുസ്തകങ്ങളിറക്കാത്ത കന്നഡ പോലുള്ള ഭാഷകളില്‍ പരീക്ഷ നടത്താന്‍ അനുവദിച്ചിരിക്കുന്നത്.
സംസാരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ആറാം സ്ഥാനത്തുള്ള ഉര്‍ദുവിനെ മാറ്റി ഏഴാം സ്ഥാനത്തുള്ള ഗുജറാത്തിയിലും എട്ടാം സ്ഥാനത്തുള്ള കന്നഡയിലും 10ാം സ്ഥാനത്തുള്ള ഒറിയയിലും 12ാം സ്ഥാനത്തുള്ള അസമീസിലും പരീക്ഷ എഴുതാന്‍ അനുമതിയുണ്ട്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ ഏറെ പേര്‍ ഉര്‍ദു മീഡിയത്തില്‍ സയന്‍സ് പഠിക്കുന്നവരാണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

Related Articles