Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കടുത്ത മുസ്‌ലിം വിരുദ്ധന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് തന്റെ മുഖ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച മൈക്ക് ഫ്‌ലിന്‍ കടുത്ത മുസ്‌ലിം വിരുദ്ധനും, വിദ്വേഷ പ്രചാരകനുമാണെന്ന വെളിപ്പെടുത്തലുമായി പൗരാവകാശ സംഘടനകളും മാധ്യമങ്ങളും രംഗത്ത്. മുസ്‌ലിം വിരുദ്ധ പ്രസ്ഥാനവുമായുള്ള ഫ്‌ലിന്നിന്റെ അടുത്ത ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ നീണ്ട കാലത്തെ ട്വിറ്റര്‍ പോസ്റ്റുകള്‍. മുസ്‌ലിം വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഫ്‌ലിന്‍ സുപരിചിതനാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഹേറ്റ് വാച്ച് പരിശോധിച്ച ഫ്‌ലിന്നിന്റെ 1700 ട്വീറ്റുകളില്‍ നിന്നും ലഭിക്കും. കൂടാതെ മുസ്‌ലിം വിരുദ്ധരായ വ്യക്തിത്വങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫ്‌ലിന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്നുമുണ്ട്.
തന്റെ അനേകം ട്വീറ്റുകളില്‍ എ.സി.ടി ഫോര്‍ അമേരിക്ക എന്ന മുസ്‌ലിം വിരുദ്ധ സംഘടനയെ ഫ്‌ലിന്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രസ്തുത സംഘടനയുടെ ഉപദേഷക സമിതി അംഗമായിരുന്നു ഫ്‌ലിന്‍ എന്നത് മറ്റൊരു വസ്തുതയാണ്. എ.സി.ടിയുടെ സ്ഥാപക ബ്രിഗിറ്റെ ഗബ്രിയേലിനെ ‘രാജ്യത്തിന്റെ അമൂല്യനിധി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഗബ്രിയേല്‍ ഒരിക്കല്‍ എഴുതുകയുണ്ടായി, ‘അറബ് മുസ്‌ലിം ലോകം, അവരുടെ മതത്തിന്റെയും, സംസ്‌കാരത്തിന്റെയും കാരണത്താല്‍, നാഗരിക ലോകത്തിന് ഒരു സ്വഭാവിക ഭീഷണി തന്നെയാണ്’
‘ഇന്നത്തെ യൂറോപ്പ് ആവില്ല 2050-ലെ യൂറോപ്പ്. യൂറോപ്പ് ഇപ്പോള്‍ തന്നെ യുറേബ്യ ആയി മാറിക്കഴിഞ്ഞു. യൂറോപ്പ് ഇപ്പോള്‍ യൂറേബ്യയാണ്.’ ഗബ്രിയേലിന്റെ വാക്കുകളാണിത്.
‘മുസ്‌ലിംകളെ സംബന്ധിച്ച ഭയത്തില്‍ യുക്തിക്ക് നിരക്കാത്തതായി യാതൊന്നും തന്നെയില്ല.’ ഫ്‌ലിന്നിന്റെ ട്വീറ്റുകളില്‍ ഒന്നാണിത്. വെളുത്തവംശീയ വാദികളുടെ ഉറ്റ തോഴനും, സഹയാത്രികനുമാണ് ഫ്‌ലിന്‍ എന്നതിന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകള്‍ തെളിവാണ്.

Related Articles