Current Date

Search
Close this search box.
Search
Close this search box.

ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ബ്രദര്‍ഹുഡ് നേതാവ് മരണപ്പെട്ടു

കെയ്‌റോ: മുതിര്‍ന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് അബ്ദുല്‍ അളീം അശ്ശര്‍ഖാവി ബനീസുവൈഫിലെ ജനറല്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി സംഘടന അറിയിച്ചു. ചികിത്സാ നിഷേധമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നും ബ്രദര്‍ഹുഡ് വ്യക്തമാക്കി. ജയിലില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തടുര്‍ന്ന് ആറ് ദിവസം മുമ്പാണ് ബനീസുവൈഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘അക്രമത്തിന്റെയും അനീതിയുടെയും തടവറയില്‍ ചികിത്സ നിഷേധിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു’ എന്നാണ് ബ്രദര്‍ഹുഡ് അതിനെ കുറിച്ച് പറയുന്നത്.
നിരന്തരം ചികിത്സ നിഷേധിക്കുകയും മരുന്നുകള്‍ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. മറ്റ് ബ്രദര്‍ഹുഡ് നേതാക്കളും യുവാക്കളായ പ്രവര്‍ത്തകരും അനുഭവിച്ച പോലെ ദീര്‍ഘകാലം കനത്ത കാവലില്‍ ഏകാന്ത തടവില്‍ സാവധാനം മരണത്തിലേക്ക് നയിക്കുന്ന പീഡനങ്ങള്‍ അദ്ദേഹം നേരിടേണ്ടി വന്നു. കുറ്റവാളികളില്‍ യാതൊരു മാനുഷിക വികാരവും ഉണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ജീവന്‍ വേര്‍പിരിയുന്നത് വരെ അവരുടെ പാരുഷ്യവും ക്രൂരതയും വര്‍ധിച്ചു. എന്നും ബ്രദര്‍ഹുഡ് വ്യക്തമാക്കി.
ശര്‍ഖാവിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഈജിപ്ത് ഭരണകൂടത്തിന്റെ മേലാണ് ബ്രദര്‍ഹുഡ് കെട്ടിവെക്കുന്നത്. ചികിത്സ നിഷേധിച്ച് അവര്‍ സാവധാനം കൊലപ്പെടുത്തിയ ഡോ. ഫരീദ് ഇസ്മാഈല്‍, പാര്‍ലമെന്റ് അംഗമായിരുന്ന മുഹമ്മദ് അല്‍ഫല്ലാഹ്ജി, ഡോ. താരിഖ് അല്‍ഗന്‍ദൂര്‍ എന്നിവരുടെ പട്ടികയില്‍ ശര്‍ഖാവി കൂടെ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ചികിത്സ നിഷേധിക്കപ്പെട്ട തൊള്ളായിരത്തോളം സംഭവങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 150 പേര്‍ മരണപ്പെട്ടിട്ടുണ്ട്. എന്നും പ്രസ്താവന സൂചിപ്പിച്ചു.
ശര്‍ഖാവിയുടെ മരണത്തെ അശ്ശിഹാബ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ ചികിത്സാ നിഷേധവുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. തന്റെ മോശമായ ആരോഗ്യസ്ഥിതിയെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും അനുയോജ്യമായ ചികിത്സക്കുള്ള അവകാശം സുരക്ഷാ സേനയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ജയില്‍ അധികൃതര്‍ക്കും ബനീസുവൈഫ് സുരക്ഷാ വിഭാഗത്തിനുമാണ്. ഈ സംഭവത്തിലും ചികിത്സ നിഷേധിക്കുന്ന സമാന സംഭവങ്ങളിലും പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം നടത്തുകയും അതിന് ഉത്തരവാദികളായവരെ വിചാരണക്ക് വിധേയരാക്കുകയും ചെയ്യണം. എന്നും സെന്റര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ അല്‍അഖ്‌റബ് ജയിലില്‍ വെച്ച് ശര്‍ഖാവിക്ക് സ്‌ട്രോക്ക് ബാധിച്ചിരുന്നുവെന്നും ആശുപത്രിയില്‍ പോകുന്നതിന് ഒന്നിലേറെ തവണ ജയില്‍ അധികൃതര്‍ തടസ്സം നിന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ലേമാന്‍ തോറയിലേക്ക് കൊണ്ടുപോയി പരിശോധന നടത്തിയെന്നും എന്നാല്‍ ചികിത്സയൊന്നും നല്‍കിയില്ലെന്നുമാണ് ബ്രദര്‍ഹുഡുമായി അടുത്ത ബന്ധമുള്ള വെബ്‌സൈറ്റുകള്‍ പറയുന്നത്.
ബനീസുവൈഫിലെ അശ്മന്‍ത് ഗ്രാമത്തില്‍ 1950ലാണ് ശര്‍ഖാവി ജനിച്ചത്. നേരത്തെ ലേബര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2005ല്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പൊതു സഭയിലേക്കും പിന്നീട് കൂടിയാലോചനാ സമിതിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2011ല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഗൈഡന്‍സ് ബ്യൂറോ അംഗമായും അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.

Related Articles