Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിനെ ജൂതവല്‍കരിക്കാനുള്ള പദ്ധതിയെ കുറിച്ച് മുന്നറിയിപ്പുമായി അബ്ബാസ്

റാമല്ല: അധിനിവിഷ്ട ഖുദ്‌സ് നഗരം ജൂതവല്‍കരിക്കാനും അവിടെ ഉണ്ടായിരുന്നു എന്ന് അവര്‍ വാദിക്കുന്ന ദേവാലയം നിര്‍മിക്കാനുമുള്ള ഇസ്രയേലിന്റെ പദ്ധതിയെ കുറിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മുന്നറിയിപ്പ്. റാമല്ലയിലെ അല്‍ഖുദ്‌സ് ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലെ അദ്ദേഹത്തിന്റെ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന് വേണ്ടി സെക്രട്ടറി ത്വയ്യിബ് അബ്ദുറഹീമാണ് സന്ദേശം വായിച്ചത്. ഖുദ്‌സിനെ ജൂതവല്‍കരിക്കാനുള്ള പദ്ധതി പൂര്‍ത്തിയാക്കാനും മസ്ജിദുല്‍ അഖ്‌സയുടെ അങ്കണത്തെ കളങ്കപ്പെടുത്തുന്നതിനായി കുടിയേറ്റക്കാര്‍ക്ക് മുമ്പില്‍ അതിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കാനുമാണ് ബെന്യമിന്‍ നെതന്യാഹു ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ്, നിയമനിര്‍മാണസഭ തെരെഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഗസ്സയിലെ ഹമാസ് നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടാനും അബ്ബാസ് ആഹ്വാനം ചെയ്തു. ഫലസ്തീന്‍ അതോറിറ്റി ഗസ്സയില്‍ അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് ഹമാസ് ഗസ്സയില്‍ ഭരണസമിതിക്ക് രൂപം നല്‍കിയത്. വൈദ്യുത നിലയങ്ങള്‍ക്കുള്ള ഇന്ധനം അടക്കമുള്ള പലതിനും നികുതികള്‍ ഏര്‍പ്പെടുത്തിയും ഗസ്സക്ക് നല്‍കുന്ന വൈദ്യുതി വെട്ടിചുരുക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടും ഫലസ്തീന്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ കാരണം കടുത്ത പ്രതിസന്ധിയാണ് ഗസ്സ അനുഭവിക്കുന്നത്. അതിന് പുറമെ അതോറിറ്റി ഗസ്സയിലെ ഉദ്യോസ്ഥരുടെ ശമ്പളം വെട്ടിക്കുറക്കുകയും പലരെയും നേരത്തെ തന്നെ വിരമിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles