Current Date

Search
Close this search box.
Search
Close this search box.

ഇ അഹമദ് പശ്ചിമേഷ്യയുടെ ഇന്ത്യന്‍ പ്രതിനിധി: പ്രൊഫ. എ.കെ രാമകൃഷ്ണന്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ മുഴുവന്‍ ഭരണാധികാരികളും അറിയുന്ന പ്രശസ്തനായ ഇന്ത്യന്‍ പ്രതിനിധി ആയിരുന്നുഇ അഹമ്മദ് എന്ന് പ്രൊഫ. എ.കെ രാമകൃഷ്ണന്‍. ജെ.എന്‍.യുവിലെ ബാഫഖി സ്റ്റഡി സര്‍ക്കിള്‍ നടത്തിയ ഇ അഹമദ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസം അതിന്റെ സകല സ്വേച്ഛാധിപത്യ ഭാവത്തോടും കൂടി അവരുടെ ഉന്മാദ ദേശീയതയെ ഭക്ഷണത്തിലും സംസ്‌കാരത്തിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ഇ അഹമദ് എം.പിയെ പോലെയുള്ള മതനിരപേക്ഷതയില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തിന്റെ മരണം രാജ്യത്തിനും സമുദായത്തിനും കനത്ത നഷ്ട്ടം തന്നെയാണ്. ഇസ്രായേലുമായി പലവിധ ബന്ധങ്ങളും മുമ്പത്തേക്കാള്‍ വളരെ ഊഷ്മളമായി പുലര്‍ത്തുന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ ഫലസ്തീന് വേണ്ടി എന്നും ഇന്ത്യയുടെ യഥാര്‍ത്ഥ ശബ്ദം കേള്‍പ്പിച്ച ഇ അഹമദിനോടു അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ പുലര്‍ത്തിയ നിഗൂഢതയും അനാദരവും മൃതദേഹം എന്ന നിലക്കുള്ള പരിഗണന പോലും കുടുംബക്കാര്‍ക്കു നല്‍കാത്തതിലും പ്രത്യേകിച്ച് അത്ഭുതം തോന്നേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവ് എന്ന പരിഗണനക്കപ്പുറം ഇ അഹമദ് വ്യക്തിപരമായി വികസിപ്പിച്ചെടുത്ത കഴിവുകള്‍ ആണ് അദ്ദേഹത്തെ രണ്ടു തവണ സഹമന്ത്രി സ്ഥാനം ഏല്‍പ്പിക്കാന്‍ മാത്രം യു.പി.എ സര്‍ക്കാരിന് പ്രത്യേകിച്ച് സോണിയ ഗാന്ധിക്കു പ്രേരണ ആയതു എന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവിടങ്ങളിലെ ഭരണകൂടത്തിലുള്ള വ്യക്തികളുടെ പേരുകള്‍ അടക്കം കൃത്യമായി ഓര്‍മയോടെ അവതരിപ്പിക്കുന്നതില്‍ അഹമദ് സ്വാഹിബിനുള്ള അവഗാഹം ആണ് വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തു പോലും യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയായി വാജ്‌പേയ് തന്നെ പ്രത്യേകം താല്‍പര്യമെടുത്തു അഹമദ് സ്വാഹിബിനെ പറഞ്ഞയക്കാന്‍ കാരണമായിരുന്നത് എന്ന് എം.പി കൂട്ടിച്ചേര്‍ത്തു.
ഇ അഹമദ് സ്വാഹിബ് യഥാര്‍ത്ഥ മുസ്‌ലിം ലീഗുകാരന്‍ ആയിരുന്നു എന്ന് രാജ്യ സഭാ എം.പി എ.പി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ആയിരിക്കെ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ദയവായി രാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലേക്ക് മാത്രം തന്നെ കൊണ്ട് പോകരുതെന്ന് നര്‍മ രൂപേണ അദ്ദേഹം വിമര്‍ശിച്ചു. ഇ അഹമ്മദ് സ്വാഹിബിന്റെ മരണത്തോടെ സംഭവിച്ച ശൂന്യത നികത്താന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സ്വയം സന്നദ്ധനായി ധൈര്യപൂര്‍വം മുന്നോട്ടു വരണമെന്നാണ് അദ്ദേഹത്തെ ഏറെക്കാലമായി അടുത്തറിയുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്ക് തനിക്കു നിര്‌ദേശിക്കാനുള്ളതെന്നു ‘മാധ്യമം’ ഡല്‍ഹി ലേഖകന്‍ ഹസനുല്‍ ബന്ന അഭിപ്രായപ്പെട്ടു. മഅദനി, സകരിയ്യ, ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട ഹനീഫ് മൗലവി തുടങ്ങിയ നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ടും പാര്‍ലമെന്റില്‍ അവരുടെയൊക്കെ ശബ്ദമായും എന്നും നിവര്‍ന്നു നിന്ന ബഷീര്‍ സ്വാഹിബ് ലീഗ് നേതൃത്ത്വത്തിനു പ്രത്യേകിച്ചും പാര്‍ലമെന്റില്‍ സമുദായത്തിന് പൊതുവായും സംഭവിച്ച ശൂന്യതയെ മറികടക്കണം എന്നതാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യം തേടുന്നതെന്ന് ഓര്‍മിപ്പിച്ചു. ജീവിച്ചിരിക്കുമ്പോള്‍ ‘അഭിമാന പൂര്‍വമായ നിലനില്‍പ്പ്’ (ഓണറബിള്‍ എക്‌സിസ്റ്റന്‍സ്) എന്നതായിരുന്നു അഹമദ് സ്വാഹിബിന്റെ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള എന്നത്തേയും ഉപദേശമെന്നും അതേ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഡ്യൂട്ടിക്കിടെ സംഭവിച്ച മരണവും എന്ന് യൂണിറ്റ് പ്രസിഡന്റ് ഷംസീര്‍ കേളോത്ത് ആമുഖ സംസാരത്തില്‍ പ്രസ്താവിച്ചു. യോഗത്തില്‍ നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഉബൈദുല്ല കോനിക്കഴി അധ്യക്ഷത വഹിച്ചു.

Related Articles