Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ മസ്ജിദുല്‍ അഖ്‌സയില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ മാറ്റി ക്യാമറകള്‍ സ്ഥാപിക്കുന്നു

ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രയേല്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം അത്യാധുനിക സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി അല്‍അസ്ബാത്വ് ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ഗേറ്റുകള്‍ തിങ്കളാഴ്ച്ച രാവിലെ അധിനിവേശ സൈനികര്‍ മാറ്റിയതായി അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കിറാം വ്യക്തമാക്കി. മണിക്കൂറുകളോളം നീണ്ട യോഗത്തിന് ശേഷമാണ് ഇസ്രയേലിന്റെ ഈ തീരുമാനമെന്നും പുതിയ സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നത് വരെ പുരാതന ഖുദ്‌സ് നഗരത്തില്‍ സുരക്ഷാസേനയുടെ സാന്നിദ്ധ്യം ശക്തമായി നിലനിര്‍ത്താനും യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ആറ് മാസത്തോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
നിരവധി അധിനിവേശ സൈനികര്‍ മസ്ജിദുല്‍ അഖ്‌സ ഗേറ്റുകളിലെത്തുകയും ഇലക്ട്രോണിക് ഗേറ്റിന്റെ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ അവ നീക്കം ചെയ്യുന്നതിനൊപ്പം പുതുതായി ഇരുമ്പ് സ്റ്റാന്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടര്‍ സൂചിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അല്‍അസ്ബാത്വ് ഗേറ്റിലെത്താന്‍ ശ്രമിച്ച ഫലസ്തീനികളെ ഇസ്രയേല്‍ സേന ടിയര്‍ഗ്യാസ് പ്രയോഗിച്ചും അറസ്റ്റ് ചെയ്തും തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ കൂട്ടായ്മകള്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രസ്താനകള്‍ ഒന്നും ഇറക്കിയിട്ടില്ലെങ്കിലും മസ്ജിദുല്‍ അഖ്‌സയുടെ ഗേറ്റുകളില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തുന്ന യാതൊരു സുരക്ഷാ ക്രമീകരണങ്ങളും അംഗീകരിക്കില്ലെന്നതായിരിക്കും അവരുടെ നിലപാടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles