Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിലെ നിര്‍ബന്ധ സൈനിക സേവനത്തിനെതിരെ ജൂതവിശ്വാസികള്‍

തെല്‍അവീവ്: ഇസ്രയേലിലെ നിര്‍ബന്ധ സൈനിക സേവനത്തിനെതിരെ മതനിഷ്ഠ പുലര്‍ത്തുന്ന ആയിരക്കണക്കിന് ജൂതവിശ്വാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഖുദ്‌സ് നഗരം സാക്ഷിയായി. മതവിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാന്‍ യുവാക്കളെ അത് പ്രേരിപ്പിക്കുന്നു എന്നാണ് അതിനവര്‍ കാരണം പറയുന്നത്. ‘വിശുദ്ധ വേദഗ്രന്ഥമനുസരിച്ച് ജൂതന്‍മാര്‍ക്ക് ഹോളാകോസ്റ്റാണ് നിര്‍ബന്ധിത സൈനിക സേവനം’, ‘ഇസ്രയേല്‍ രാഷ്ട്രം ജൂതന്‍മാരെ പീഡിപ്പിക്കുന്നു’ എന്നെല്ലാം അര്‍ഥമുള്ള പ്ലക്കാര്‍ഡുകള്‍ പ്രകടനക്കാര്‍ ഉയര്‍ത്തിയിരുന്നു. പ്രകടനക്കാര്‍ക്ക് ചുറ്റും കനത്ത പോലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.
ജൂതന്‍മാരുടെ പരമ്പരാഗതമായ കറുത്ത വേഷമണിഞ്ഞാണ് മിക്ക പ്രതിഷേധക്കാരും പ്രകടനത്തില്‍ അണിനിരന്നത്. സൈന്യത്തിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് വെടിയുണ്ട ഏറ്റുവാങ്ങുന്നതാണെന്നാണ് പ്രകടനക്കാരിലൊരാളായ ഹാറൂന്‍ റോട്ട് എ.എഫ്.പി റിപോര്‍ട്ടറോട് പറഞ്ഞത്. മറ്റൊരാള്‍ പറയുന്നത് ‘ഞങ്ങള്‍ ഹിറ്റ്‌ലറിന്റെ ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടു, ദൈവത്തിന്റെ അധ്യാപനങ്ങള്‍ മുറുകെ പിടിച്ച് നിലകൊള്ളുന്നതിലൂടെ സയണിസ്റ്റുകളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെടും.’ ജൂത മതപാഠശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സൈനിക ജീവിതത്തിന് പ്രാധാന്യം നല്‍കുന്നതോടെ പ്രാര്‍ഥനയും മതപഠനവും ഉപേക്ഷിക്കുകയും അത് വ്യതിചലനത്തിന് കാരണമാവകയും ചെയ്യുന്നു എന്നാണ് മതനിഷ്ഠ പുലര്‍ത്തുന്ന ജൂതന്‍മാന്‍ പറയുന്നത്.
രണ്ട് വര്‍ഷം മുമ്പ് പടിഞ്ഞാറന്‍ ഖുദ്‌സില്‍ നിര്‍ബന്ധ സൈനിക സേവനത്തിനെതിരെ ആയിരക്കണക്കിന് ജൂതവിശ്വാസികള്‍ പ്രകടനം നടത്തിയിരുന്നു. ഇസ്രേയലിലെ മതപാഠശാലകളില്‍ പഠിക്കുന്നവര്‍ക്ക് നിര്‍ബന്ധിത സൈനിക, സാമൂഹ്യസേവനത്തില്‍ ഇളവുണ്ടായിരുന്നു. പ്രസ്തുത ഇളവ് റദ്ദാക്കുന്ന ബില്ലിന് 2013ല്‍ ഇസ്രയേല്‍ അംഗീകാരം നല്‍കിയതാണ് ജൂതമതവിശ്വാസികളെ പ്രകോപിപ്പിച്ചതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles