Current Date

Search
Close this search box.
Search
Close this search box.

അലപ്പോ; ഒഴിപ്പിക്കലിന് ഹിസ്ബുല്ല തടസ്സം സൃഷ്ടിക്കുന്നു

ന്യൂയോര്‍ക്ക്: കിഴക്കന്‍ അലപ്പോയില്‍ നിന്നും സിവിലിയന്‍മാരെ ഒഴിപ്പിക്കുന്നതിനുണ്ടാക്കിയ ഉടമ്പടിക്ക് ലബനാന്‍ ഹിസ്ബുല്ല തടസ്സം സൃഷ്ടിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയും വാഷിംഗ്ടണും ആരോപിച്ചു. സിവിലിയന്‍മാരുടെ യാത്രാസംഘത്തെ ബശ്ശാറുല്‍ അസദിന്റെ സൈന്യവും സായുധഗ്രൂപ്പുകളും തടഞ്ഞുവെക്കുകയും 25 പേരെ കൊലപ്പെടുത്തുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് അന്താരാഷ്ട്ര നിരീക്ഷകരെ വെക്കാനും വാഷിങ്ടണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിസ്ബുല്ലയും ഇറാന്‍ പിന്തുണയുള്ള സായുധഗ്രൂപ്പുകളും ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് രക്ഷാസമിതിയിലെ അമേരിക്കന്‍ പ്രതിനിധി സാമന്ത പവര്‍ പറഞ്ഞു. അവിടം ഉപേക്ഷിച്ച് പോരുന്നതിനിടെ സിവിലിയന്‍മാര്‍ ഭീകരമായ അതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫ്രഞ്ച് പ്രമേയത്തെ തന്റെ രാജ്യം പിന്തുണക്കുന്നുണ്ടെന്നും അതിന് തടസ്സം നേരിട്ടാല്‍ മറ്റ് സാധ്യതകള്‍ തേടുമെന്നും അവര്‍ വ്യക്തമാക്കി.
സിറിയന്‍ ഭരണകൂടവും അവരുടെ സഖ്യശക്തികളായ റഷ്യയും ഇറാനും അലപ്പോ നഗരത്തില്‍ നടത്തുന്ന വന്യമായ ആക്രമണത്തിനെതിരെ ലോകം ഒറ്റക്കെട്ടാണെന്ന് മേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. അവിടെ നിഷ്പക്ഷരായ നിരീക്ഷകരെ വ്യന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഴക്കന്‍ അലപ്പോയില്‍ നിന്നും മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഹിസ്ബുല്ല നൂറില്‍പരം സിവിലിയന്‍മാരെ തടഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ മാനുഷികകാര്യ കോഡിനേറ്റര്‍ സ്റ്റീഫന്‍ ഒബ്രിയാന്‍ പറഞ്ഞു.

Related Articles