Current Date

Search
Close this search box.
Search
Close this search box.

അലപ്പോയിലെ ദുരിതം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗിന്റെ അടിയന്തിര യോഗം

കെയ്‌റോ: അനുദിനം വഷളായി കൊണ്ടിരിക്കുന്ന അലപ്പോ നഗരത്തിന്റെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് അറബ് ലീഗ് അടിയന്തിര യോഗം ചേരുന്നു. ഖത്തര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം. അറബ് ലീഗിലെ ഖത്തര്‍ പ്രതിനിധി സൈഫ് ബിന്‍ മഖ്ദം അല്‍ബൂഐനൈനിക്ക് ഇതുസംബന്ധിച്ച് അറബ് ലീഗ് സെക്രട്ടറിയേറ്റ് നിര്‍ദേസം നല്‍കിയിട്ടുണ്ടെന്നും നയതന്ത്ര കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
അലപ്പോയില്‍ സിവിലിയന്‍മാര്‍ക്കെതിരെ സിറിയന്‍ സൈന്യവും സഖ്യകക്ഷികളും നടത്തുന്ന നീചമായ കുറ്റകൃത്യങ്ങളെ അറബ് ലീഗ് സെക്രട്ടറിയേറ്റ് അതിശക്തമായി വിമര്‍ശിക്കുകയും ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അലപ്പോയിലെ നീചമായ അതിക്രമങ്ങളെ അംഗീകരിക്കാനോ അവയോട് മൗനം പാലിക്കാനോ സാധ്യമല്ലെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹ്മദ് അബുല്‍ഗൈത്വ് പറഞ്ഞു. സിറിയന്‍ പ്രതിസന്ധിയില്‍ വലിയ സ്വാധീനം ചെലുത്താനുള്ള സംവിധാനമൊന്നും അറബ് ലീഗിന് ഇല്ലെങ്കില്‍ തന്നെയും അവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും നേരെ അത് ശബ്ദം താഴ്ത്തില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം കുവൈത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അലപ്പോയിലെ ആക്രമണങ്ങളുടെ ഭാഗമായ റഷ്യയുടെ അംബാസഡര്‍മാരെ ജി.സി.സി രാജ്യങ്ങള്‍ പുറത്താക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച്ച വൈകിയിട്ട് റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ചൊവ്വാഴ്ച്ച പാര്‍ലമെന്റിന്റെ പ്രത്യേക യോഗം ചേരാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles